അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചേക്കും; നിർണായക പ്രഖ്യാപനം നാളെ
text_fieldsമലപ്പുറം: തൃണമൂൽ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് അഭ്യൂഹം. തിങ്കളാഴ്ച തിരുവനന്തപുരത്ത് വാർത്തസമ്മേളനം വിളിച്ച അദ്ദേഹം രാവിലെ ഒമ്പതിന് സ്പീക്കറെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച കൊല്‍ക്കത്തയിലായിരുന്ന അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് വാർത്താസമ്മേളനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത പി.വി. അൻവർ ഇതുവരെ തൃണമൂൽ അംഗത്വം സ്വീകരിച്ചിട്ടില്ല. സംസ്ഥാന കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്. സ്വതന്ത്ര എം.എൽ.എയായ അൻവർ, നിയമസഭയുടെ കാലാവധി തീരുന്നതിന് മുമ്പ് മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത പ്രശ്നമുണ്ട്. ഇത് മറികടക്കാന്‍ രാജിയിലേക്ക് നീങ്ങുമെന്നാണ് സൂചന. മമത ബാനർജിയിൽനിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അൻവറിന്‍റെ നീക്കം. കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കാൻ എം.പിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമത ചുമതല നൽകിയതായി വിവരമുണ്ട്.
തൃണമൂൽ നേതൃത്വത്തിൽനിന്ന് രാജ്യസഭ സീറ്റ് സംബന്ധിച്ച ഉറപ്പ് ലഭിച്ചാൽ അൻവർ എം.എൽ.എ സ്ഥാനം ഒഴിയും. ഇൻഡ്യ സഖ്യത്തിന്‍റെ അധ്യക്ഷസ്ഥാനം നോട്ടമിടുന്ന മമത ബാനർജി, പി.വി. അൻവറിലൂടെ ദക്ഷിണേന്ത്യയിൽ ടി.എം.സിക്ക് ചുവടുറപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നെന്നാണ് സൂചനകൾ. സി.പി.എം, എൻ.സി.പി പാർടികളിൽനിന്നടക്കം കൂടുതൽ എം.എൽ.എമാരെയും നേതാക്കളെയും ടി.എം.സിയിൽ എത്തിക്കാമെന്ന ഉറപ്പ് അൻവർ മമതക്ക് നൽകിയിട്ടുണ്ട്. ലക്ഷദ്വീപിൽ മുൻ എം.പിയെ പാർട്ടിയിലെത്തിച്ച് ടി.എം.സി സ്വാധീനം വ്യാപിപ്പിക്കാമെന്ന വാഗ്ദാനവും നൽകി.
കേരളത്തിൽ മമത ബാനർജിയെ പങ്കെടുപ്പിച്ച് വൻ റാലി സംഘടിപ്പിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കാനുമാണ് അൻവറിന്‍റെ പദ്ധതി. കേരളത്തിൽ പത്തുവർഷം മുമ്പ് മുൻ എം.എൽ.എ ജോസ് കുറ്റ്യാനിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നിലവിൽവന്നിരുന്നെങ്കിലും വളരാൻ കഴിഞ്ഞിരുന്നില്ല. നിലമ്പൂരിലെ വനം ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്‍റെ യു.ഡി.എഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ്, അൻവർ കൊൽക്കത്തയിലെത്തി തൃണമൂൽ കോൺഗ്രസ് ദേശീയ ജന. സെക്രട്ടറി അഭിഷേക് ബാനർജിയെ സന്ദർശിച്ച് ടി.എം.സിയുമായി കൈകോർക്കുന്നതായി പ്രഖ്യാപിച്ചത്.