ഷാജൻ സ്കറിയ ക്രിസ്ത്യൻ നാമധാരിയായ ഏറ്റവും വലിയ വർഗീയവാദിയും വിഭജനവാദിയുമെന്ന് പി.വി. അൻവർ
text_fieldsകോഴിക്കോട്: യൂട്യൂബർ ഷാജൻ സ്കറിയക്കെതിരായ നിലപാടിൽ ഒരുതരത്തിലുള്ള മാറ്റവുമില്ലെന്ന് പി.വി. അൻവർ. കേരളത്തിലെ ക്രിസ്ത്യൻ നാമധാരിയായ ഏറ്റവും വലിയ വർഗീയവാദിയാണ് ഷാജൻ സ്കറിയയെന്നും അദ്ദേഹത്തോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയം അവസാനിപ്പിക്കുന്നതാണെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും ഷാജൻ സ്കറിയയുടെ വീട്ടിലെത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷാജൻ സ്കറിയക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. കേരളത്തിലെ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിലകറ്റാനുള്ള പ്രവർത്തനങ്ങളാണ് ഷാജൻ നടത്തുന്നതെന്ന് ആരോപിച്ച അൻവർ, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന ആരോപണവും ഉന്നയിച്ചു. എന്നാൽ, ഈ ആരോപണത്തിന് തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.
‘ഷാജൻ സ്കറിയ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തീയ നാമധാരിയായ വർഗീയവാദിയാണ്. ഇക്കാര്യത്തിൽ ഒരു തർക്കവുമില്ല. അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയം നിർത്തിപ്പോകുന്നതാണ്. അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും സ്വീകരിച്ച നിലപാടിൽ മാറ്റമില്ല’ -അൻവർ പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറി ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കുകയാണ് ഷാജൻ ചെയ്യുന്നതെന്നും അൻവർ ആരോപിച്ചു. ഭയം കാരണം അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുണ്ടാകാമെന്നും എന്നാൽ തന്റെ നിലപാടിനെ അത്തരം കാര്യങ്ങൾ ബാധിക്കില്ലെന്നും വ്യക്തമാക്കി.
ഷാജൻ സ്കറിയയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തതിനെതിരെ പ്രതികരിക്കാതിരുന്നതിന്റെ കാരണവും അൻവർ വിശദീകരിച്ചു. പിതാവ് മരിക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ തനിക്ക് നേരിട്ടറിയാം. അതുകൊണ്ടാണ് അത്തരമൊരു അവസരത്തിൽ വിമർശനം ഉന്നയിക്കാതിരുന്നത്. ധാർമികമായ പരിഗണന മാത്രമായിരുന്നു അതിനു പിന്നിലെന്നും ഷാജനോടുള്ള രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാറിനെതിരായ പോരാട്ടങ്ങളുടെ പേരിൽ നിരവധി കേസുകൾ നേരിടേണ്ടിവന്നതായും അൻവർ വ്യക്തമാക്കി. 12 ക്രിമിനൽ കേസുകളും നാല് സിവിൽ കേസുകളും ഉൾപ്പെടെ വിജിലൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളും നേരിടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇതിൽ ചില കേസുകൾ ഷാജൻ സ്കറിയ നൽകിയതാണെന്നും കോടതികളിൽ ഹാജരാകുന്നതിനായി മാസത്തിൽ ദിവസങ്ങളോളം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യത്തിലും ഉറച്ചുനിൽക്കുകയാണ് അൻവർ. നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ പദവി നൽകണമെന്ന ആവശ്യം മത്സരിക്കുന്നതിന് മുമ്പുതന്നെ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതായും അനുകൂലമായ ഉറപ്പ് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. നേതൃത്വത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബേപ്പൂരിൽ മത്സരിച്ചത്. വാഗ്ദാനം പാലിക്കേണ്ടത് യുഡിഎഫ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും അൻവർ വ്യക്തമാക്കി.
ടൂറിസം മേഖലയിൽ ദീർഘകാലത്തെ പ്രവർത്തനപരിചയമുണ്ടെന്നും സർക്കാർ ഖജനാവിന് അധിക ബാധ്യത വരുത്താതെ കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ജനകീയമാക്കാനുള്ള പദ്ധതികൾ തന്റെ പക്കലുണ്ടെന്നും അൻവർ അവകാശപ്പെട്ടു.
കെടിഡിസി ചെയർമാൻ സ്ഥാനത്തിന് പുറമെ സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ള അനുയായികൾക്കായി മൂന്ന് ബോർഡ്-കോർപറേഷൻ അധ്യക്ഷ പദവികളും ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പദവികളിൽ മൂന്നെണ്ണമെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം.
എന്നാൽ, കെടിഡിസി ചെയർമാൻ പദവി അൻവറിന് നൽകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന കോൺഗ്രസ് തന്നെ കോർപറേഷന്റെ അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കണമെന്നാണ് ഇവരുടെ നിലപാട്. ഡിസംബർ അവസാനിക്കുന്നതിന് മുമ്പ് അൻവറിന്റെ ആവശ്യങ്ങളിൽ തീരുമാനമറിയിക്കാമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.



