യു.ഡി.എഫ് പ്രവേശനം ഉടൻ വേണമെന്ന് പി.വി. അന്‍വർ; അനുനയിപ്പിക്കാൻ കോൺഗ്രസ്
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പി.വി. അൻവറിനെ അനുനയിപ്പിക്കാൻ വഴി തേടി കോൺഗ്രസ്. ബുധനാഴ്ച തിരുവനന്തപുരത്ത് അൻവറുമായി നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കും. രാവിലെ പത്തിന് കന്റോൺമെന്റ് ഹൗസിലാണ് ചർച്ച.
അൻവറിനെ മുന്നണിയിലെടുക്കാമെങ്കിലും തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസുമായി ഏറ്റുമുട്ടുന്ന തൃണമൂലുമായുള്ള ബന്ധം ദേശീയനേതൃത്വം ഇഷ്ടപ്പെടുന്നില്ല.
സംഘടനചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയെന്നാണ് വിവരം. അൻവറിനെ മുന്നണിയുടെ ഭാഗമാക്കുന്നതിൽ യു.ഡി.എഫിൽ ആർക്കും എതിരഭിപ്രായമില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ മലബാറിൽ വിജയസാധ്യതയുള്ള സീറ്റും കോൺഗ്രസ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ, തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിൽ ഘടകകക്ഷിയാക്കണമെന്ന അൻവറിന്റെ ആവശ്യമാണ് കോൺഗ്രസിന് തലവേദനയാകുന്നത്. 23ലെ ചർച്ചയിലും അൻവർ ഈ ആവശ്യത്തിലുറച്ചുനിന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം വീണ്ടും ചർച്ച ചെയ്യാമെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മുേന്നാട്ടുപോകണമെന്നുമുള്ള നിർദേശം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവെച്ചേക്കും.
നിലമ്പൂരിലെ വിജയം യു.ഡി.എഫിനും അൻവറിനും ഒരുപോലെ പ്രധാനമായതിനാൽ അദ്ദേഹം വഴങ്ങുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. തദ്ദേശതെരഞ്ഞെടുപ്പിൽ തൃണമൂലുമായി മുന്നണിക്ക് പുറത്തുള്ള നീക്കുപോക്കിന് കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാവില്ല.