ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: റൊട്ടാന റസാഖിനെ പുറത്താക്കി ലീഗ്
text_fieldsറൊട്ടാന റസാഖ്
കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫിസിലെ എട്ട് കോടിയുടെ കവർച്ചയുമായി ബന്ധപ്പെട്ട് കെഎംസിസി പേരാമ്പ്ര മണ്ഡലത്തിലെ റസാഖ് കുന്നുമ്മല്‍ എന്ന റൊട്ടാന റസാഖിനെ മുസ്ലിം ലീഗ് പുറത്തക്കി.
പാര്‍ട്ടിയില്‍നിന്നും കെഎംസിസിയില്നിന്നും പുറത്താക്കിയതായി ലീഗ് നേതൃത്വം അറിയിച്ചു. കേസിലെ പ്രതിയായ ബാലകൃഷ്ണന് റസാഖിനും മോഷണത്തില്‍ പങ്കുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2025 സെപ്റ്റംബര്‍ 18ന് ഖത്തറിലെ അല്‍ തുമാമയിലെ കെഎംസിസി ഓഫിസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകര്‍ത്തശേഷം 31 ലക്ഷം റിയാല്‍ കവര്‍ന്നുവെന്നാണ് കേസ്. കേസില്‍ നിലവില്‍ ആറ് പ്രതികളാണുള്ളത്. അതേസമയം, കേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതായി സൂചനയുണ്ട്.
പ്രതികളിലൊരാളായ കൊയിലാണ്ടി സ്വദേശി വിയ്യൂർ നെല്ല്യാടി പരപ്പിന്കുനിയില് ബാലകൃഷ്ണൻ കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിലാണ്. ഇൻഡസ്ട്രിയൽ വർക്കറായ ബാലകൃഷ്ണൻ കെ.എം.സി.സി ഓഫിസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉള്ളിലുണ്ടായിരുന്ന 31 ലക്ഷം റിയാലാണ് കവർന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബാലകൃഷ്ണന്. കേസിൽ ഇനി അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ട്. ബോംബെ ഷാജി, റാഷി, ബാവ എന്ന സാലിഹ്, മമ്മാലി എന്ന ഹസൻ, നിസാർ എന്നിവർക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ റൊട്ടാന റസാഖ് നിഷേധിച്ചു. പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നും ഗൂഢാലോചനക്കു പിന്നിൽ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് പറഞ്ഞ കൊഴിലാണ്ടി സ്വദേശിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കാണാത്ത വ്യക്തി തന്നെ കണ്ടെന്ന് പറയുമ്പോൾ, അതിന്റെ പിന്നിൽ എന്തൊക്കെയോ ഗൂഢാലോചനയുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. സത്യം എന്തായാലും ഒരു നാൾ തെളിയുമെന്നതിൽ സംശയമില്ലെന്നും റസാഖ് പ്രതികരിച്ചു.
ഇതിനിടയിൽ മോഷണത്തിനുശേഷം പ്രതികൾ കൈമാറിയ ശബ്ദസന്ദേശങ്ങളും ചർച്ചയാവുകയാണ്. കെ.എം.സി.സിയിലെ ചിലർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. പങ്കെടുത്തവർക്ക് പറഞ്ഞിരുന്ന വിഹിതം നൽകിയില്ലെന്നും ശബ്ദസന്ദേശങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പങ്കാളികളാണന്ന് കരുതുന്ന ബോംബെ ഷാജിയും കമറുദ്ദീൻ പയ്യോളിയും തമ്മിലും അറസ്റ്റിലുള്ള ബാലകൃഷ്ണൻ നേരത്തേ നടത്തിയതുമായ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവയിലെ ഉള്ളടക്കങ്ങളുടെ വ്യക്തത അന്വേഷണത്തിലൂടെയേ ബോധ്യമാവൂ എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കേസിന്റെ അന്വേഷണം കെ.എം.സി.സിയുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുറത്തുവരേണ്ടത് മാതൃസംഘടനയായ മുസ്ലിം ലീഗിന്റെ കൂടി ആവശ്യമായതിനാൽ പൊലീസ് അന്വേഷണം ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയവരിലേക്ക് നീളും. ഖത്തറിൽ ഇതുസംബന്ധിച്ച് നിയമനടപടികൾ പ്രായോഗികമല്ലാത്തതിനാലും അത്തരം നീക്കം കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലും കരുതലോടെയാണ് നീക്കങ്ങൾ. നിരവധി പ്രവാസിക്ഷേമപദ്ധതികൾക്ക് സ്വരൂപിച്ച പണം നഷ്ടപ്പെട്ടതാണ് ഗൗരവം വർധിപ്പിക്കുന്നത്. ഇത്തരം ഫണ്ടുകൾ അവിടത്തെ ബാങ്കുകളിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ ഓഫിസിൽ തന്നെയാണ് സൂക്ഷിക്കാറുള്ളത്. ഇത് കൃത്യമായി അറിയുന്നവർ തന്നെയാണ് കവർച്ചക്ക് പിന്നിലെന്ന് കരുതുന്നു. അവിടെ നിയമനടപടികൾ അസാധ്യമായതിനാലാണ് കോഴിക്കോട് റൂറൽ സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്.


