നവീന്റെ മരണത്തിൽ ഉയർന്ന ചോദ്യങ്ങൾ ഇപ്പോഴും ബാക്കി; എല്ലാം ദിവ്യയിൽ ഒതുക്കി കുറ്റപത്രം
text_fieldsകണ്ണൂർ: കഴിഞ്ഞ ഒക്ടോബർ 15ന് രാവിലെ മുൻ എ.ഡി.എം കെ. നവീൻബാബു ജീവനൊടുക്കിയ വാർത്ത വന്നയുടൻ പ്രചരിച്ച ആ കത്ത് തയാറാക്കിയത് ആര്? പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യൻ മാത്രമായ ടി.വി. പ്രശാന്തിന് സ്വന്തമായി പെട്രോൾ പമ്പ് തുടങ്ങാൻ പണം എവിടെനിന്ന് കിട്ടി? ചെങ്ങളായിയിലെ ആ പെട്രോൾ പമ്പിന്റെ കാര്യത്തിൽ ദിവ്യക്ക് എന്താണ് ഇത്ര അമിതാവേശം?
നവീൻബാബു മരിച്ചയുടൻ ഉയർന്നുവന്ന ഇത്തരം ചോദ്യങ്ങൾക്കൊന്നും പ്രത്യേക അന്വേഷണ സംഘത്തിന് മറുപടിയില്ല. നവീന്റെ മരണത്തിൽ ദിവ്യക്കെതിരെ പൊലീസ് ചുമത്തിയ ആത്മഹത്യാപ്രേരണ കേസിന് അടിസ്ഥാനമായ കാര്യങ്ങൾ മാത്രമാണ് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചത്.
പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ പ്രശാന്തിൽനിന്ന് 98,500രൂപ എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്താണ് അന്ന് പ്രചരിച്ചത്. ഈ കൈക്കൂലിക്കഥയാണ് എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തിൽ ദിവ്യ പരോക്ഷമായി പറഞ്ഞത്. കത്ത് കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇതുവരെ സ്ഥിരീകരണം കിട്ടിയിട്ടില്ല. കത്ത് തയാറാക്കിയ കേന്ദ്രവും വ്യാജ ഒപ്പുമെല്ലാം നവീന്റെ കുടുംബം ആരോപിച്ചിട്ടും അതൊന്നും ഗൗനിച്ചില്ല. അതിനാൽതന്നെ, അതൊന്നും കുറ്റപത്രത്തിലുമില്ല.
നവീനും പ്രശാന്തും പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ കണ്ടുമുട്ടിയ സി.സി.ടി.വി ദൃശ്യങ്ങൾ കുറ്റപത്രത്തിലുണ്ട്. എന്നാൽ, എ.ഡി.എം കൈക്കൂലി വാങ്ങിയതിന് തെളിവൊന്നും പറയുന്നില്ല. പ്രശാന്തിനു പിന്നിൽ ബിനാമിയെന്ന ആരോപണം കുടുംബം ആരോപിച്ചിരുന്നു. ബിനാമി ഇടപാടിൽ ദിവ്യയുടെ പങ്കും ചില വ്യക്തികളും സംഘടനകളും ഉന്നയിച്ചു.
യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ ദിവ്യ എത്തിയെന്നും എ.ഡി.എമ്മിനെ അധിക്ഷേപിക്കാൻ ആസൂത്രിത നീക്കം നടത്തിയെന്നും അധിക്ഷേപ പ്രസംഗത്തിൽ മനംമടുത്ത് ജീവനൊടുക്കിയെന്നുമുള്ള കാര്യത്തിൽ ഊന്നിയാണ് അന്വേഷണം മുഴുവൻ. എ.ഡി.എം മരിച്ചത് എങ്ങനെ, കാരണക്കാർ ആര് എന്നതാണ് അന്വേഷിച്ചതെന്നും മറ്റുള്ളവ തങ്ങളുടെ അധികാരപരിധിയിൽ വരില്ലെന്നും അന്വേഷണ സംഘാംഗം പ്രതികരിച്ചു. അതെല്ലാം ആര് അന്വേഷിക്കുമെന്ന ചോദ്യത്തിന് അത് അറിയില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.