Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാങ്കൂട്ടത്തിൽ...

മാങ്കൂട്ടത്തിൽ പുറത്തായിട്ടും വിവാദം തീരുന്നില്ല; കോൺഗ്രസിൽ ‘വെൽ ഡ്രാഫ്റ്റഡ്’ ചർച്ച

text_fields
bookmark_border
Rahul Mamkootathil
cancel
camera_alt

രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പാർട്ടിയിൽനിന്ന് പുറത്താക്കി കൈ കഴുകിയെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെ കേന്ദ്രീകരിച്ച ചർച്ചകൾ കോൺഗ്രസിൽ കെട്ടടങ്ങുന്നില്ല. രണ്ടാം പീഡന പരാതി സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രണ്ടാം ഘട്ട പോളിങ് ദിനത്തിൽ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചതാണ് പുതിയ ചർച്ചക്ക് ആധാരം.

യുവതിയുടെ പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്ന സൂചനയോടെ പരാതി ‘വെൽ ഡ്രാഫ്റ്റഡ്’ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പ്രതികരിച്ചപ്പോൾ, ‘വെൽ ഡ്രാഫ്റ്റഡ്’ ആയി പരാതി നൽകുന്നതിൽ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരാമർശം.

സണ്ണി ജോസഫ് പരാതിയിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുമ്പോൾ, സംശയത്തിന്‍റെ യാതൊരു ആനുകൂല്യവും നൽകാതെ പരാതി ഉൾക്കൊള്ളുകയാണ് സതീശൻ. കോൺഗ്രസിലെ ഈ ഭിന്നത കൃത്യമായി മുതലെടുത്ത മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിക്കുക കൂടി ചെയ്തു. സ്ത്രീലമ്പടന്മാരെ ന്യായീകരിക്കുന്നത് പൊതുസമൂഹം അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ആദ്യ ആരോപണം വന്നപ്പോൾ തന്നെ രാഹുലിനെ മാറ്റണമെന്ന് സതീശൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.പി.സി.സി നേതൃത്വം പുലർത്തിയ മൃദുസമീപനമാണ് നിർണായക തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയതെന്ന വിലയിരുത്തൽ കോൺഗ്രസിനുള്ളിലുണ്ട്.

പിന്നാലെ രണ്ടാം പരാതി തലവേദനയായതോടെ സതീശന്‍റെ നിലപാടായിരുന്നു ശരി എന്നതിലേക്ക് പാർട്ടിയെത്തി. ഇതിനിടെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയ ആളുടെ പേരിൽ അഭിപ്രായ വ്യത്യാസത്തിന് സമാനമായ സാഹചര്യമുണ്ടായത്. അതേസമയം, രാഹുലിനെ പുറത്താക്കിയതാണെന്നും പാർട്ടിയിലില്ലാത്തയാളെപ്പറ്റി പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

ഒന്നാം ഘട്ട പോളിങ് ദിനത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് പരസ്യപ്രതികരണം നടത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഹൈകമാൻഡ് ഇടപെട്ട് പരാമർശം തിരുത്തിച്ചെങ്കിലും പ്രതികരണം സൃഷ്ടിച്ച മുറിവ് മായുംമുമ്പാണ് രാഹുലിനെ പരോക്ഷമായി പിന്തുണക്കും വിധമുള്ള കെ.പി.സി.സി പ്രസിഡന്റിന്‍റെ പരാമർശം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷക്കൊത്തുയർന്നില്ലെങ്കിൽ ഈ രണ്ട് നിർണായക ദിനങ്ങളിലെയും നേതാക്കളുടെ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വലിയ ചർച്ചക്ക് വഴിവെക്കുമെന്നുറപ്പാണ്.

Show Full Article
TAGS:Rahul Mamkootathil Congress Rape Case 
News Summary - Rahul Mamkootathil - Controversy doesn't end despite being eliminated from the party
Next Story