രാഹുൽ വരുമോ, ഇല്ലയോ; അവസാന നിമിഷവും കോൺഗ്രസിൽ ഭിന്നത
text_fieldsതിരുവനന്തപുരം: നിയമസഭയിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പങ്കാളിത്ത കാര്യത്തിൽ അവസാന നിമിഷവും കോൺഗ്രസിൽ ഭിന്നത പ്രകടം. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെന്റ് ചെയ്തുവെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്ക് കത്ത് നൽകിയതിന് പിന്നാലെ അദ്ദേഹം സഭയിലെത്തണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇക്കാര്യത്തിൽ രാഹുൽ അനുകൂല നിലപാടിലാണ്.
സതീശൻ സ്പീക്കർക്ക് കത്ത് നൽകിയതിന് പിന്നാലെ ‘ജനപ്രതിനിധി എന്നനിലയിൽ രാഹുലിന് ചില അവകാശങ്ങളുണ്ടെന്ന’ ആമുഖത്തോടെ അടൂർ പ്രകാശ് ന്യായവാദം അവതരിപ്പിച്ചതിലൂടെ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് വെളിപ്പെടുന്നത്. സഭയിലേക്ക് രാഹുൽ ‘വരണമെന്നോ വരേണ്ടെന്നോ’ പറയാനില്ലെന്ന ന്യൂട്രൽ നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇത്തരത്തിൽ ‘രാഹുൽ നിലപാടിൽ’ കുഴഞ്ഞുമറിയുന്നതിനിടെ സ്പീക്കർക്കുള്ള സതീശന്റെ കത്ത് പാർലമെന്ററി നടപടിക്രമങ്ങളുടെ ഭാഗം മാത്രമല്ല, പാർട്ടിയിലെ ചിലർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് വ്യക്തമാണ്. ഒപ്പം സതീശന്റെ നീക്കങ്ങൾക്ക് ഹൈകമാൻഡിന്റെ പിന്തുണയുമുണ്ട്.
അതേ കെ.പി.സി.സി തലത്തിൽ തിരക്കിട്ട ചർച്ചകളാണ് ഞായറാഴ്ച നടന്നത്. വ്യക്തമായ നിലപാട് സ്വീകരിക്കാതെ എല്ലാം രാഹുലിന് വിട്ട് മാറിനിൽക്കുന്നതിന് പകരം രണ്ടിലൊന്ന് തീരുമാനിച്ച് അനൗദ്യോഗികമായി എങ്കിലും അദ്ദേഹത്തെ അറിയിക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന സഭ സമ്മേളനമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.
ജനകീയ വിഷയങ്ങളും ജനരോഷവും ഉയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കേണ്ട ഘട്ടത്തിൽ സഭയിലെ രാഹുലിന്റെ സാന്നിധ്യം പ്രതിപക്ഷ നീക്കങ്ങളെ ദുർബലപ്പെടുത്തുമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇക്കാര്യം സ്വയം തിരിച്ചറിഞ്ഞ് രാഹുൽ മാറി നിൽക്കുമെന്ന പ്രതീക്ഷയാണ് ഇവർക്ക്. രാഹുലിന് സഭയലിലെത്തുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണ് ഘടകകക്ഷികൾക്ക്.
രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെപ്പിക്കുകയും പാർട്ടിയിൽനിന്ന് സസ്പെന്റ് ചെയ്തിട്ടും വിവാദക്കുരുക്കിൽ നിന്ന് പുറത്തുകടക്കാനാകാതെ കോൺഗ്രസ് വട്ടം ചുറ്റുന്നതിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.
ഒപ്പം പാർട്ടി അച്ചടക്ക നടപടിയെടുത്തിട്ടും രാഹുലിന് വേണ്ടിയുള്ള സൈബർ നീക്കങ്ങൾ ദോഷം ചെയ്യുമെന്ന അഭിപ്രായവും ഘടകകക്ഷി നേതാക്കൾ പങ്കുവെക്കുന്നു. ഇതിനിടെ തിങ്കളാഴ്ച കെ.പി.സി.സി യോഗവും ചേരുന്നുണ്ട്.


