തിരിച്ചടിയായത് അതിജീവിതയുടെ പരാതി; ഒളിവാസം തദ്ദേശ പ്രചാരണത്തിരക്കിനിടെ
text_fieldsപാലക്കാട്: പുറത്തുവന്ന സ്ക്രീന്‍ഷോട്ടുകളുടെയും ഓഡിയോകളുടെയും പശ്ചാത്തലത്തില്‍ ഇടതു സൈബറിടങ്ങള്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും കൂസലില്ലാതെ പാലക്കാട് മണ്ഡലത്തിൽ സജീവമായിത്തുടങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന് അപ്രതീക്ഷിത തിരിച്ചടിയായത് അതിജീവിത നേരിട്ട് നൽകിയ പരാതി. ‘‘എവിടെ എനിക്കെതിരെ പരാതി, എനിക്കെതിരെ കേസുണ്ടോ’’ എന്നു ചോദിച്ചാണ് രാഹുൽ സെപ്റ്റംബർ അവസാനത്തോടെ പാലക്കാട് മണ്ഡലത്തിൽ സജീവമായത്.
ഒരു നേതാവും പ്രചാരണം നടത്തരുത് എന്ന് പറഞ്ഞിട്ടില്ല. പാലക്കാട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്നം ‘മാധ്യമ’ങ്ങള്‍ക്ക് വേണ്ടെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. എം.എൽ.എ എന്ന നിലയിൽ രാഹുലിന് സ്ഥാനാർഥിക്കായി വോട്ട് തേടിപ്പോകാമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പിക്കും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും ഒരു ഘട്ടത്തിൽ പറയേണ്ടിവന്നു.
പാലക്കാട് കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂന്നു വാർഡുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. കണ്ണാടിയിൽ സ്ഥാനാർഥിചർച്ചകളിലും പങ്കെടുത്തുവെന്ന് ആരോപണമുയർന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, ബി.ജെ.പിയുടെ പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ എന്നിവരുമായി വിവിധ ഘട്ടങ്ങളിൽ വേദി പങ്കിടുകയും ചെയ്തു. പാലക്കാട്-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്ലാഗ്ഓഫ് തൊഴിലാളി നേതാക്കളെ അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചതും വിവാദമായി.
ആരെയും അറിയിക്കാതെയും ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കാതെയുമാണ് ആദ്യഘട്ടത്തിൽ പാലക്കാട്ടെ രാഹുലിന്റെ പൊതുപരിപാടികള്‍ നടത്തിയതെങ്കിൽ പിരായിരിയിലെ റോഡ് ഉദ്ഘാടനം മുസ്ലിം ലീഗ് കമ്മിറ്റി വൻ പ്രചാരണത്തോടെ കൊട്ടിഘോഷിച്ചാണ് നടത്തിയത്.
വിവാദങ്ങളുണ്ടായി ഒന്നര മാസത്തിനുശേഷമാണ് രാഹുലിന്റെ പേരിൽ വീണ്ടും മണ്ഡലത്തിൽ ഈ പരിപാടിക്കായി ഫ്ലക്സ് ഉയർന്നത്. പാലക്കാട് ശേഖരീപുരം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി രാഹുല്‍ പ്രചാരണത്തിനെത്തി. തുടർന്ന് കണ്ണാടിയിലെ സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടിയ അവസരത്തിലാണ് അതിജീവിത പരാതി നൽകിയത്. ഉടൻ മുങ്ങുകയായിരുന്നു.


