‘ക്ലർക്കേജ്’ നിരക്ക് കുറക്കാൻ റെയിൽവേ ആലോചന
text_fieldsതിരുവനന്തപുരം: ഓൺലൈനായി ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന ‘ക്ലർക്കേജ്’ നിരക്കിൽ കുറവ് വരുത്താൻ റെയിൽവേയിൽ ആലോചന. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ, ആർ.എ.സി ടിക്കറ്റുകൾ എന്നിവ റദ്ദാക്കുമ്പോൾ യാത്രാക്കൂലി തിരികെ നൽകുന്നതിന് ക്ലറിക്കൽ ജോലിക്ക് ഈടാക്കുന്ന നിരക്കാണ് ക്ലർക്കേജ്. നിലവിൽ കാൻസലേഷൻ നടപടിക്രമങ്ങളെല്ലാം ഓൺലൈനിലാണ്. ക്ലർക്കേജ് അവസാനിപ്പിച്ചാലും റെയിൽവേക്ക് അധിക ബാധ്യതയില്ല. ഫലത്തിൽ തീരുമാനം നടപ്പായാൽ റീഫണ്ട് തുക കൂടുമെന്നതാണ് യാത്രക്കാർക്കുള്ള ആശ്വസം.
ടിക്കറ്റ് നിരക്കിലും തത്കാലിലും വെയ്റ്റിങ് ലിസ്റ്റിലുമെല്ലാം മാറ്റങ്ങൾ വന്ന ജൂലൈ ഒന്നു മുതൽ ക്ലർക്കേജ് ഒഴിവാക്കലും റെയിൽവേയുടെ പരിഗണനയിലുണ്ടായിരുന്നു. പക്ഷേ ഇതൊഴികെ ബാക്കിയെല്ലാം നടപ്പാക്കുകയായിരുന്നു. പഠന നടപടികൾ പൂർത്തിയായില്ലെന്നാണ് കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വരുമാനം വർധിപ്പിക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിൽ കൈ നനയാതെ കിട്ടിയിരുന്ന തുക റെയിൽവേ വേണ്ടെന്ന് വെക്കുമോ എന്നതിലും അവ്യക്തത അവശേഷിക്കുന്നുണ്ട്.
നിലവിൽ എ.സി കോച്ചുകളിൽ 60 രൂപയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 30 രൂപയുമാണ് സാധാരണ ക്ലർക്കേജായി ഈടാക്കുന്നത്. കൗണ്ടർ ടിക്കറ്റുകളെക്കാൾ കൂടുതൽ പേർ ഐ.ആർ.ടി.സി.ടി വഴി ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇതും പുതിയ ആലോചനകൾക്ക് പ്രേരകമായിട്ടുണ്ട്.
വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകളുടെ റദ്ദാക്കൽ നിലവിൽ റെയിൽവേക്ക് വലിയ ലാഭമാണ്. 2021 മുതൽ 2024 ജനുവരി വരെ കാലയളവിൽ വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് റദ്ദാക്കൽ വഴി റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 1229.85 കോടി രൂപയാണ്. 18 കോച്ചുകളുള്ള ട്രെയിനിൽ 720 സ്ലീപ്പർ സീറ്റുകളാണുള്ളതെങ്കിലും വീണ്ടും 600 ഉം 700 ഉം പേരുടെ വെയ്റ്റിങ് ലിസ്റ്റാണ് റെയിൽവേ തയാറാക്കുന്നത്. ഇത്രയധികം പേർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് കൃത്യമായ ധാരണ റെയിൽവേക്കുണ്ടെങ്കിലും യാതൊരു ചെലവുമില്ലാതെ കിട്ടുന്ന വരുമാനം എന്നതാണ് ഈ പിഴിയൽ തുടരാൻ കാരണം.
ഏറ്റവുമൊടുവിൽ സീറ്റിങ് ശേഷിയുടെ 25 ശതമാനം മാത്രമായി വെയ്റ്റിങ് ലിസ്റ്റ് പരിമിതപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അതും പിൻവലിച്ചു. എ.സി ക്ലാസുകളിൽ 60 ശതമാനമായും നോൺ എ.സിയിൽ 30 ശതമാനവുമാണിപ്പോൾ.
2021ൽ വെയ്റ്റിങ് ലിസ്റ്റിലായ 2.53 കോടി ടിക്കറ്റുകൾ റദ്ദാക്കുക വഴി റെയിൽവേക്ക് ലഭിച്ചത് 242.68 കോടിയാണ്. 2022 ആയപ്പോഴേക്കും വെയ്റ്റിങ് ലിസ്റ്റിലായി റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണം 4.6 കോടിയായി ഉയർന്നു. ഇതുവഴിയുള്ള റെയിൽവേയുടെ വരുമാനമാകട്ടെ 439.16 കോടിയും. 2023ൽ 5.26 കോടി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ റദ്ദാക്കൽ വഴി 505 കോടി അക്കൗണ്ടിലെത്തി.