ജില്ലയിൽ മഴ വീണ്ടും കനത്തു, 20 വരെ റെഡ് അലര്‍ട്ട് കൂടുതല്‍ മഴ കുറുമ്പാലക്കോട്ട മേഖലയിൽ
text_fieldsകല്പറ്റ: ദിവസങ്ങളുടെ ഇടവേളക്കുശേഷം ജില്ലയില്‍ മഴ വീണ്ടും ശക്തമായി. ബുധനാഴ്ച രാത്രി ശക്തമായ മഴ പെയ്തെങ്കിലും വ്യാഴാഴ്ച ഉച്ച വരെ കുറഞ്ഞു. എന്നാൽ, പിന്നീട് മഴ കൂടുതല്‍ ശക്തമായി. ജില്ലയില്‍ ജൂലൈ 20 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ചില താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, കോട്ടത്തറ, വൈത്തിരി, മാനന്തവാടി, എടവക, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കല്പറ്റ എന്നീ ഭാഗങ്ങളിലാണ് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വ്യാഴാഴ്ച രാവിലെ 8.30വരെ കൂടുതല്‍ മഴ ലഭിച്ചത്. 162.48 മില്ലിമീറ്ററാണ് തൊണ്ടര്‍നാട് പഞ്ചായത്തില്‍ ലഭിച്ച ശരാശരി മഴ.
തവിഞ്ഞാലില്‍ 137.14, കോട്ടത്തറ 144.4, വൈത്തിരി 136.76 മില്ലിമീറ്റര്‍ മഴയും ലഭിച്ചു.
മേപ്പാടി, പനമരം, വെള്ളമുണ്ട, കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, മൂപ്പൈനാട് പഞ്ചായത്തുകളിലും 60 മില്ലിമീറ്ററിനു മുകളിലാണ് മഴ ലഭിച്ചത്.
ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി പ്രാദേശികമായി ശേഖരിച്ച മഴയളവിന്റെ അടിസ്ഥാനത്തിലുള്ളതാണ് കണക്കുകള്‍. ഇക്കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കുറുമ്പാലക്കോട്ട ഭാഗത്താണ്.
ശരാശരി 233.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 333 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്കുകൾ.
കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത തടസ്സം
മാനന്തവാടി: ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിൽ. ഇതുവഴിയുള്ള ഗതാഗതം നിലച്ചത് ഏറെ കഴിഞ്ഞാണ് പുനരാരംഭിക്കാനായത്. ചുരം പത്താം വളവിൽ ഫുഡ് കോർട്ട് റെസ്റ്റോറന്റിന് സമീപമാണ് മണ്ണിടിഞ്ഞത്. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് മണ്ണിടിഞ്ഞ് റോഡ് ഗതാഗതം നിലച്ചത്.
നിരവധി വാഹനങ്ങളാണ് ഇരു ഭാഗത്തും കുടുങ്ങിക്കിടന്നത്. വ്യാഴാഴ്ച രാവിലെ 10ഓടെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.