രാജീവ് ചന്ദ്രശേഖറിനെ മുന്നിൽ നിർത്തി ബിജെപിയുടെ പുതുമുഖ പരീക്ഷണം; നിരാശ മറയ്ക്കാനാകാതെ ശോഭ സുരേന്ദ്രൻ
text_fieldsഇനി ഞാൻ ഉണ്ണട്ടെ... തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി സംസ്ഥാന കോര് കമ്മിറ്റിയോഗം കഴിഞ്ഞശേഷം ഭക്ഷണം കഴിക്കുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും നിയുക്ത സംസ്ഥാന പ്രസിഡന്റ രാജീവ് ചന്ദ്രശേഖറും
– അരവിന്ദ് ലെനിൻ
തിരുവനന്തപുരം: കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖറിനെ നിയോഗിക്കുമ്പോൾ വ്യക്തമാകുന്നത് പരമ്പരാഗത വോട്ടുബാങ്കിനപ്പുറം കടന്നുകയറാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹം. വിദ്വേഷ രാഷ്ട്രീയത്തിന് പരിധിക്കപ്പുറം വോരോട്ടം നേടാനാകാത്ത കേരളത്തിന്റെ മണ്ണിൽ പുതുതലമുറയെ പാട്ടിലാക്കാൻ പുതിയൊരു പ്രതിച്ഛായ അനിവാര്യമാണ്. രാജ്യത്ത് ടെലികോം വിപ്ലവത്തിന്റെ തുടക്കക്കാരൻ, വ്യവസായ പ്രമുഖൻ എന്നിങ്ങനെ പെരുമയുള്ള 60കാരനായ രാജീവ് ചന്ദ്രശേഖറിനെ പുതിയ കാലത്തിന്റെ നേതാവായാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ സാങ്കേതിക, മാനേജ്മെന്റ് വൈദഗ്ധ്യം കേരളത്തിൽ താമര വിരിയാൻ സഹായിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ഈയിടെയായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിക്കുന്ന രാജീവ് ചന്ദ്രശേഖർ കൂടുതൽ സംസാരിക്കാറുള്ളതും വികസന രാഷ്ട്രീയമാണ്. സംഘ്പരിവാർ രാഷ്ട്രീയം ഒളിച്ചുപിടിച്ച് എത്ര മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നതാണ് വെല്ലുവിളി. 2023ൽ കളമശ്ശേരി സ്ഫോടനത്തിന് പിന്നിൽ ‘ഹമാസിനെ പിന്തുണക്കുന്ന ഒരു വിഭാഗം’ എന്നതുൾപ്പെടെ വിദ്വേഷ പരാമർശങ്ങൾ രാജീവ് ചന്ദ്രശേഖറിൽനിന്നുണ്ടായിട്ടുണ്ട്. ബി.ജെ.പിക്കുള്ളിലെ സ്വീകാര്യതയും രാജീവിന് മുന്നിൽ വെല്ലുവിളിയാണ്. മുതിർന്ന നേതാക്കളായ വി. മുരളീധരനും പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകൾ സംസ്ഥാന ഘടകത്തിൽ പ്രബലരാണ്.
മുരളീധരന്റെ പിന്തുണയുള്ള ജനറൽ സെക്രട്ടറി എം.ടി. രമേശിനെ മറികടന്നാണ് രാജീവ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്. പ്രസിഡന്റാകുമെന്ന് അവസാനം വരെ വിശ്വസിച്ചിരുന്ന മുതിർന്ന നേതാവ് ശോഭ സുരേന്ദ്രന്റെ നിരാശ ഞായറാഴ്ച പ്രകടമാകുകയും ചെയ്തു.
കോർ കമ്മിറ്റി യോഗ ശേഷം സംസ്ഥാന ഓഫിസിൽ നടന്ന നാമനിർദേശ പത്രിക സമർപ്പണത്തിന് ശോഭ എത്തിയില്ല. കോർ കമ്മിറ്റി കഴിഞ്ഞ് സ്വന്തം ഹോട്ടൽ മുറിയിലേക്ക് മടങ്ങിയ അവർ, അസാന്നിധ്യം വാർത്തയായതോടെ, ഓടിക്കിതച്ച് സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി. അപ്പോഴേക്കും ചടങ്ങ് കഴിഞ്ഞു. കാർ കിട്ടിയില്ലെന്നാണ് വൈകിയതിന് കാരണമായി ശോഭ വിശദീകരിച്ചത്. രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി രംഗത്തുവന്ന എം.ടി. രമേശ് തൽക്കാലം ഒന്നും പ്രകടമാക്കുന്നില്ല. പുറത്തുനിന്നുള്ളയാളുടെ വരവ് ഗ്രൂപ്പിസത്തിനെതിരായ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ നീക്കമാണ്. അങ്ങനെ വന്ന പ്രസിഡന്റിന് പ്രബല ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ എത്ര പോകാനാകുമെന്ന് കണ്ടറിയണം.
കോടികളുടെ വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്തുനിന്നാണ് രാജീവ് ചന്ദ്രശേഖർ മുഴുസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വന്നത്. റിട്ട. എയർ കമ്മഡോർ എം.കെ. ചന്ദ്രശേഖരന്റെയും ആനന്ദവല്ലിയുടെയും മകനായി ഗുജറാത്തിലെ അഹ്മദാബാദിലാണ് ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കി. അവിടെ ഇന്റൽ കമ്പനിയിൽ കമ്പ്യൂട്ടർ ചിപ്പ് പ്രോസസർ നിർമിക്കുന്ന സംഘത്തിൽ പ്രവർത്തിക്കവെ, 1991ൽ ബി.പി.എൽ ഗ്രൂപ് ചെയർമാൻ ടി.പി.ജി. നമ്പ്യാരുടെ മകൾ അഞ്ജുവിനെ വിവാഹം ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചെത്തി.
1994ൽ ബി.പി.എൽ മൊബൈൽ ഫോൺ കമ്പനി രൂപവത്കരിച്ചത് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ്. മൊബൈൽ കമ്പനി എസാർ ഗ്രൂപ്പിന് കൈമാറിയ ശേഷം ഫിനാൻസ് രംഗത്തേക്ക് മാറിയ രാജീവിന്റെ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക് ഇന്ന് 80 കോടി അമേരിക്കൻ ഡോളർ വിപണിമൂല്യമുണ്ട്.