Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ വകുപ്പ് ഞങ്ങളൊക്കെ...

ഈ വകുപ്പ് ഞങ്ങളൊക്കെ ഭരിച്ചതാണ്, പൊലീസിനെ സി.പി.എം പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്ക് വേണ്ട -ചെന്നിത്തല

text_fields
bookmark_border
ഈ വകുപ്പ് ഞങ്ങളൊക്കെ ഭരിച്ചതാണ്, പൊലീസിനെ സി.പി.എം പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്ക് വേണ്ട -ചെന്നിത്തല
cancel
camera_altരമേശ് ചെന്നിത്തല, പിണറായി വിജയൻ (ഫയൽ ചിത്രം)

തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതെന്ന് രമേശ് ചെന്നിത്തല. പൊലീസ് സേനയെ രാഷ്ട്രീയവര്‍ക്കരിക്കരുത്. ഈ വകുപ്പ് ഞങ്ങളൊക്കെ ഭരിച്ചതാണ്. അദ്ദേഹം അവിടെ നടത്തിയ രാഷ്ട്രീയ പ്രസംഗം ഈ ചുമതല വഹിക്കുന്ന മന്ത്രിക്ക് ചേര്‍ന്നതായിരുന്നില്ല -ചെന്നിത്തല പറഞ്ഞു.

പൊലീസ് സേനയെ രാഷ്ട്രീയവര്‍ക്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പൊലീസ് സേനയെ സി.പി.എമ്മിന്റെ പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്കു വേണ്ട. പൊലീസ് അസോസിയേഷനിലെ അംഗങ്ങള്‍ അവരവരുടേതായ വ്യക്തിപരമായ രാഷ്ട്രീയമുള്ളവരാണ്. അത് ഉള്‍ക്കൊള്ളാതെ അവരെല്ലാം സിപിഎം അനുയായികളാണ് എന്ന തരത്തിലാണ് മുഖ്യമന്ത്രി അവിടെ സംസാരിച്ചത്. ഇതിനെ ശക്തമായി അപലപിക്കുന്നു -ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ വിചാരണയാണ് നിലമ്പൂരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്രയും ജനവിരുദ്ധ സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല. പത്തു വര്‍ഷമായി കേരളത്തെ വഞ്ചിക്കുന്ന ജനകീയ പ്രശ്‌നങ്ങളെ വിസ്മരിക്കുന്ന, അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും മാത്രം കാണിക്കുന്ന ഒരു സര്‍ക്കാരിനെതിരായ ജനവിധിയാകും നിലമ്പൂരില്‍. ജനങ്ങള്‍ അവരുടെ അവിശ്വാസമാണ് രേഖപ്പെടുത്താന്‍ പോകുന്നത്.

ഞാന്‍ കുറേ ദിവസങ്ങളില്‍ നിലമ്പൂരില്‍ ഉണ്ടായിരുന്നു. മലയോര കര്‍ഷകരുടെ പ്രതിഷേധം, സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള കടുത്ത വിരോധം, ആദിവാസികളുടെ ഭൂസമരം, ഒരു ഭരണമാറ്റം ഉണ്ടാകണമെന്നുള്ള ജനങ്ങളുടെ ഉല്‍ക്കടമായ അഭിലാഷം ഇതെല്ലാം അവിടെ കാണാന്‍ കഴിഞ്ഞു. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഭരണമാറ്റത്തിനു തുടക്കം കുറിക്കും. അതിന്റെ കേളി കൊട്ടായിരിക്കും നിലമ്പൂരില്‍ നടക്കുന്നത്. ഞങ്ങള്‍ക്ക് നല്ല അത്മവിശ്വാസമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

സംസ്ഥാന ഗവര്‍ണര്‍മാര്‍ ബിജെപി ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങളുടെ അഭിപ്രായത്തിന് അന്നും ഇന്നും മാറ്റമില്ല. സിപിഎമ്മാണ് ഇക്കാര്യത്തില്‍ കൃത്യമായി നിലപാട് എടുക്കാത്തത്. രാജ് ഭവനില്‍ വെക്കേണ്ടത് ദേശീയ നേതാക്കളുടെ ചിത്രമാണ്. അല്ലാതെ ഗോള്‍വാള്‍ക്കറുടെയും അതുപോലുള്ളവരുടെയും ചിത്രമല്ല. ഇക്കാര്യം ഞങ്ങള്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ ഈ ചോദ്യം ചോദിക്കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎം സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററോടുമാണ്. അവര്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞില്ലല്ലോ.

128 ദിവസമായി ആശാവര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നു. അവരോട് ഇത്രയും അവജ്ഞ കാണിക്കുന്ന വേറൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ഈ സര്‍ക്കാര്‍ കാണിക്കുന്നത് കേരളത്തിലെ ജനങ്ങളോട് തന്നെയുള്ള ധിക്കാരമാണ്’ -ചെന്നിത്തല വ്യക്തമാക്കി.

Show Full Article
TAGS:Ramesh Chennithala Pinarayi Vijayan Kerala Police Nilambur By Election 2025 
News Summary - ramesh chennithala against pinarayi vijayan
Next Story