ഇതൊക്കെ താൻ കൊടുക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിക്കറിയാം; നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍ -രമേശ് ചെന്നിത്തല
text_fieldsതൊടുപുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പിച്ചതാണ്. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ അന്നു പ്രഖ്യാപിക്കാമായിരുന്നു. ഇപ്പോള്‍ നടത്തിയ ഈ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. അതുകൊണ്ടു തന്നെ ജനം യാതൊരു ഗൗരവവും ഇതിന് നല്‍കില്ല.
ആശാവര്‍ക്കാര്‍മാരുടെ കാര്യത്തില്‍ വളരെ ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ എടുത്തത്. മര്യാദക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമായിരുന്നു. അതുപോലും ചെയ്യാതെ വെറും തെരഞ്ഞഎടുപ്പ് പ്രഹസനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതൊരു തട്ടിപ്പ് സര്‍ക്കാരാണ്. ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 11,000 കോടിയാണ്. തീരദേശപാക്കേജ് പ്രഖ്യാപിച്ചത് 10,000 കോടിയാണ്. പക്ഷേ ആര്‍ക്കെങ്കിലും കൊടുത്തോ... വയനാട് പാക്കേജ് പ്രഖ്യാപിച്ചു. ആര്‍ക്കെങ്കിലും കിട്ടിയോ.. ഇതെല്ലാം പ്രഖ്യാപനം മാത്രമാണ്. കേരള മുഖ്യമന്ത്രിക്കും അറിയാം ഇതൊക്കെ നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍ ആണ്, തനിക്ക് കൊടുക്കേണ്ടി വരില്ല എന്ന്. ആ ഉറപ്പ് മൂലമാണ് ഈ പ്രഖ്യാപനം.
പിഎം ശ്രീ പദ്ധതി സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്നു നടത്തിയ പ്രഖ്യാപനങ്ങള്‍ ഒക്കെ സിപിഐയെ കബളിപ്പിക്കാനാണ്. അല്ലാതെ അവരിത് റദ്ദാക്കാന്‍ പോകുന്നില്ല. ഇത് സിപിഐയുടെ ഉണ്ടയില്ലാ വെടിയാണ്. എംഒയു ഒപ്പിട്ടിട്ട് ഇനി കത്തു കൊടുത്താല്‍ ആരു പരിഗണിക്കാനാണ്. വെറും കബളിപ്പിക്കലാണ് ഈ നടക്കുന്നതെല്ലാം. അത് ജനങ്ങള്‍ക്കും സിപിഐയ്ക്കും കുറച്ചു കഴിയുമ്പോള്‍ ബോധ്യപ്പെടും -ചെന്നിത്തല പറഞ്ഞു.


