രാമേട്ടൻ ഇല്ലാത്ത രാത്രികൾ
text_fieldsകോഴിക്കോട്: എന്നെങ്കിലുമൊരുനാൾ ജയിലിൽനിന്ന് മടങ്ങിവരുന്ന മകനുവേണ്ടി എല്ലാ രാത്രിയും ഭക്ഷണം വിളമ്പിവെച്ച് കാത്തിരുന്ന ഉമ്മയെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയിട്ടുണ്ട്, ആ ഉമ്മയെ അക്ഷരങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ള, പക്ഷേ അതേ മനസ്സുള്ള ഒരു അച്ഛനെ നേരിൽ കണ്ടിട്ടുണ്ട്, അത് രാമേട്ടനായിരുന്നു. വെള്ളിമാട്കുന്നിൽ വെള്ളിനക്ഷത്രമുദിച്ചെന്ന് ബഷീർ വിശേഷിപ്പിച്ച ‘മാധ്യമം’ വരുന്നതിനും എത്രയോ മുമ്പ് വെള്ളിമാട്കുന്നിന്റെ ലാൻഡ്മാർക്ക് ആയിരുന്നു രാമേട്ടനും രാമേട്ടന്റെ പീടികയും.
അന്ന് ദീർഘദൂര ലോറിക്കാർക്കും നിർമല ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണവും ചായയും ആദ്യമായി കാണുന്ന മനുഷ്യർക്കും കടം പറഞ്ഞ് കഴിക്കാമായിരുന്ന ഈ പീടികയിൽ നിന്നായിരുന്നുവെത്രേ.
പ്രബോധനത്തിലും മാധ്യമത്തിലുമുള്ള മക്കൾക്ക് രാത്രി ഭക്ഷണം ഉറപ്പാക്കാനായിരുന്നു പിന്നെ കുറേ വർഷങ്ങൾ ആ കട തുറന്നുവെച്ചിരുന്നതുതന്നെ. അവർക്കായി പുലർച്ചെ രണ്ടുമണി നേരത്ത് ഉണർന്നെഴുന്നേറ്റ് വന്ന് മുളങ്കുറ്റിയിൽ വേവിച്ച പുട്ടും ചെറുപയർ കറിയും വിളമ്പി.അത് കച്ചവടമായിരുന്നില്ല,രാത്രി ഉറക്കമൊഴിച്ച് പണിയെടുക്കുന്ന കുട്ടികൾ, അവർ പലരും പല നാടുകളിൽനിന്ന് വന്ന് താമസിക്കുന്നവർ, താൻ വന്ന് വെച്ചു വിളമ്പിയില്ലെങ്കിൽ അവർക്ക് ഈ നേരത്ത് ഭക്ഷണം കിട്ടാൻ വേറെ വഴിയില്ല എന്ന ചിന്തയാണ് ഉറക്കം പാതിയിൽ മുറിച്ച് വന്ന് കടതുറക്കാൻ രാമേട്ടനെ പ്രേരിപ്പിച്ചിരുന്നത്.
നാളെ കൂടുതൽ ആളുകൾ ഉണ്ടാകും, കുറച്ച് അധികം പലഹാരം ഉണ്ടാക്കി വെക്കാൻ ആരോ പറഞ്ഞ ദിവസം രാമേട്ടൻ കടയേ തുറന്നില്ല എന്ന് രാമേട്ടന്റെ പ്രിയ സുഹൃത്തും ഇവിടുത്തെ പുട്ടിന്റെ ഫാനും ആയിരുന്ന പ്രശസ്ത സാഹിത്യകാരൻ പി.കെ. പാറക്കടവ് പണ്ടൊരിക്കൽ എഴുതിയതോർക്കുന്നു.അടിയന്തരാവസ്ഥക്കാലത്ത് നിരപരാധികളെ കുടുക്കാനായി കള്ളസാക്ഷി പറയിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങളെയും ഈ മനുഷ്യൻ കോടതിയിൽ പൊളിച്ചുകളഞ്ഞു.രാമേട്ടന്റെ ഭക്ഷണം കഴിച്ചു ദിവസമാരംഭിച്ച മാധ്യമപ്രവർത്തകരുടെ അവസാന കണ്ണിയിലാണ് ഈയുള്ളവൻ. ആദ്യമൊക്കെ കഴിച്ച ഭക്ഷണത്തിന്റെ പണം വാങ്ങാൻ പോലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല, ശമ്പളം കിട്ടി വീട്ടിലേക്ക് അയച്ച ശേഷം വാങ്ങാം എന്നാണ് ഞങ്ങളോടെല്ലാം പറഞ്ഞിരുന്നത്.
വർഷങ്ങൾക്കു ശേഷം വീണ്ടും എത്തുമ്പോൾ രാമേട്ടൻ കച്ചവടം അവസാനിപ്പിച്ചിരുന്നു.
ഒരിക്കൽ റോഡിലൂടെ മകനൊപ്പം വേച്ചു വേച്ചു നടന്നു പോകുന്നതു കണ്ട് അരികിൽ ചെന്നപ്പോൾ ‘‘വയ്യാഞ്ഞിട്ടാണ് മോനെ കട തുറക്കാത്തത്, വിഷമം ഒന്നും വിചാരിക്കരുത്’’ എന്ന് പറഞ്ഞത് ഓർത്ത് ഇടക്കിടെ ഉള്ള് തേങ്ങിപ്പോകാറുണ്ട്. ഇന്ന് വെള്ളിമാട്കുന്ന് ഒരു മിനി ഫുഡ് സ്ട്രീറ്റ് ആണ്. നാടനും വിദേശിയുമായ എല്ലാവിധ രുചികളും കിട്ടുന്ന ഒരിടം. പക്ഷേ, രാമേട്ടൻ എഫക്ടിന്, ആ മുഹബ്ബത്തിന് പകരമാവുന്നില്ല അവയൊന്നും.
ദേവകിയാണ് രമേട്ടന്റെ ഭാര്യ. മക്കൾ: വസന്ത, ബേബി ഗിരിജ, ശർമിള, രമേശ്, ഷാജി (ഇരുവരും മാധ്യമം), ജിജീഷ്. മരുമക്കൾ: കൃഷ്ണദാസ്, സതീശൻ, ബിന്ദു, ഷിബിനി.