'എട്ടാം വയസിൽ പാർട്ടിയുടെ കൊടിപിടിച്ചവളാണ്, പുറത്താക്കിയാലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും, ഗോവിന്ദൻ മാഷിന് പരാതി നൽകാനിരുന്നതാണ് ഏരിയ കമ്മിറ്റിയാണ് തടഞ്ഞത്'
text_fieldsതിരുവല്ല : ജാതി അധിക്ഷേപത്തിൽ പരാതി പറഞ്ഞതിന്റെ പേരിൽ ചുമതലയിൽ നിന്നും നീക്കം ചെയ്യപ്പെട്ട സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി സോഷ്യൽ മീഡിയ കോർഡിനേറ്ററും ഓഫീസ് സെക്രട്ടറി ചുമതലയും വഹിച്ചിരുന്ന രമ്യ ബാലൻ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്.
ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് മഹിളാ അസോസിയേഷൻ നേതാവ് ഹൈമ എസ് പിള്ളയിൽ നിന്നും ജാതീയ അധിക്ഷേപം നേരിട്ടുവെന്ന് പാർട്ടി ഘടകത്തിൽ പരാതി നൽകിയ രമ്യയെ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മൂന്നാഴ്ച മുമ്പ് സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു രമ്യ ബാലനെ ഹൈമ എസ് പിള്ള ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. ഇതേ തുടർന്ന് ഏരിയ സെക്രട്ടറി ബിനിൽകുമാറിന് രേഖാമൂലം രമ്യ പരാതി നൽകിയിരുന്നു. ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് തന്റെ പരാതി അറിയിച്ചു. തുടർന്ന് രണ്ടാഴ്ച മുമ്പ് വിളിച്ചു ചേർത്ത ഏരിയ കമ്മിറ്റിയിൽ ഈ വിഷയം ചർച്ചക്ക് വന്നെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കുവാൻ പാർട്ടി നേതൃത്വം തയാറായില്ല എന്നാണ് രമ്യ പറയുന്നത്.
സംഭവത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന് താൻ പരാതി കൊടുക്കാനൊരുങ്ങിയപ്പോൾ ഏരിയ കമ്മിറ്റി ഇടപെട്ട് തടഞ്ഞുവെന്നും, പ്രശ്നം ഇവിടെ തന്നെ പരിഹരിക്കാമെന്ന ഉറപ്പാണ് അവർ നൽകിയതെന്നും രമ്യ പറഞ്ഞു.
ഇതിനിടയിലാണ്, മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ തനിക്കെതിരെ നടപടിയും ഹൈമക്കെതിരെ അനുകൂല നിലപാടുമാണ് പാർട്ടി സ്വീകരിച്ചതെന്ന് രമ്യ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നിരുന്ന ബാലസംഘത്തിന്റെ ക്യാമ്പിന് ശേഷം കഴിഞ്ഞ ദിവസം ഓഫീസിൽ ജോലിക്കായി എത്തിയ തന്നോട് ജോലിയിൽ പ്രവേശിക്കേണ്ട എന്ന് ഏരിയ സെക്രട്ടറി ബിനിൽ കുമാർ പറഞ്ഞു എന്ന് രമ്യ ബാലൻ പ്രതികരിച്ചു.
പ്രാഥമിക അംഗത്വത്തിൽ നിന്നും പാർട്ടി തന്നെ പുറത്താക്കിയാലും സാധാരണ പ്രവർത്തകയായി പാർട്ടിയിൽ തന്നെ തുടരും. തന്റെ എട്ടാം വയസിൽ പാർട്ടിയുടെ കൊടിപിടിച്ച് ബാലസംഘത്തിലൂടെ വളർന്നു വന്നയാളാണ്. എതെങ്കിലും വ്യക്തിയെ കണ്ടല്ല ആദർശം കൊണ്ടാണ് പാർട്ടിയിൽ ഉറച്ച് നിന്നത്. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയെ നേരിട്ട് കാണാൻ തന്നെയാണ് തീരുമാനം. പാർട്ടി പുറത്താക്കിയാലും പുറത്ത് നിന്ന് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും രമ്യബാലൻ പറഞ്ഞു.