'ബലം പ്രയോഗിച്ച് പീഡിപ്പിച്ചു, ഫോൺ വിളികൾ കാരണം ഭർത്താവ് ഉപേക്ഷിച്ചു'; സി.ഐക്കെതിരെ ഗുരുതര ആരോപണങ്ങൾ
text_fieldsതിരുവനന്തപുരം: 'ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു, നിരന്തരമായ ഫോൺ വിളികളും വിഡിയോ കോളുകളും കാരണം ഭർത്താവ് ഉപേക്ഷിച്ചു' -സി.ഐക്കെതിരെ വനിത ഡോക്ടർ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. സി.ഐയായിരുന്ന എ.വി. സൈജുവിനെതിരെയാണ് ആരോപണം.
അതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന വനിത ഡോക്ടറുടെ പരാതിയിൽ പ്രതിയായ സി.ഐ എ.വി. സൈജുവിനെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല പ്രസിഡന്‍റ് സ്ഥാനത്ത് നീക്കാനും തീരുമാനമായി. പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് എസ്.എച്ച്.ഒയെ സ്ഥലംമാറിയതിന് പിന്നാലെയാണ് ഈ നടപടിയും.
മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വനിത ഡോക്ടർ താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. 2018 വരെ അബൂദബിയിൽ ദന്ത ഡോക്ടറായിരുന്ന യുവതി 2019 ആഗസ്റ്റിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. അന്ന് എസ്.ഐയായിരുന്ന സൈജു, യുവതിയുടെ കടമുറികൾ ഒഴിപ്പിക്കുന്നതിന് സഹായിച്ചു. പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. പ്രശ്നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്നാവശ്യപ്പെട്ട് 2019 ഒക്ടോബറിൽ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. പിന്നീട് പലതവണ പീഡിപ്പിച്ചു.
വീട്ടിലെത്തിയ സൈജു പ്രതിഷേധം അവഗണിച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. പിന്നീട്, പുറത്തു പറയരുതെന്ന് പറഞ്ഞ് കാലുപിടിച്ച് യാചിച്ചു. ഭാര്യയുമായി ബന്ധം വേർപെടുത്തി തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനൽകി. പിന്നീട് ഫോണിലൂടെ ബന്ധം തുടർന്നു. സി.ഐയുടെ നിരന്തരമായ ഫോൺ വിളികളും വിഡിയോ കോളുകളും കാരണം ഭർത്താവ് ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടിൽ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറിൽ നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കിൽ നിക്ഷേപിച്ചു. ആ തുകക്ക് നോമിനിയായി സൈജുവിന്‍റെ പേരുവച്ചു. പല തവണ തന്‍റെ കൈയിൽനിന്ന് പണം വാങ്ങി.
അതേസമയം, യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് സൈജു പറയുന്നു. യുവതി ശല്യം ചെയ്യുന്നതിനെതിരെ സൈജുവും ഭാര്യയും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതായും അറിയുന്നു.