ഡാൻസാഫിന് പുറമെ മറ്റൊരു സംഘം; ലഹരി വിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ പ്രത്യേക അന്വേഷണ വിഭാഗം രൂപവത്ക്കരിക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: സർക്കാറിന്‍റെ ലഹരി വിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപവത്ക്കരിക്കാൻ ശിപാർശ. ഡിവൈ.എസ്.പി അല്ലെങ്കിൽ അസി. കമീഷണർക്ക് കീഴിൽ വരുന്ന എല്ലാ സബ് ഡിവിഷനുകളിലും മൂന്നുവീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തരവകുപ്പിന് നൽകിയ ശിപാര്‍ശ. ലഹരിവിരുദ്ധ വേട്ടയുടെ സംസ്ഥാനതല മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡി.ഐ.ജി തസ്തിക സൃഷ്ടിക്കണമെന്നും ശിപാര്‍ശയിലുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക വിഭാഗത്തിനാണ് ലഹരിവേട്ടയുടെ ചുമതല. ഇതേ മാതൃകയില്‍ സംസ്ഥാനത്തും പ്രത്യേക വിഭാഗം വേണമെന്നാണ് ഡി.ജി.പിയുടെ ശിപാര്‍ശ.
ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിന് പുറമെയാണ് പ്രത്യേകസംഘം. കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയക്ക് തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേകവിഭാഗം. ഓരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധന നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ, ലഹരിക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതും ലഹരി ഇടപാടുകാരെ നിരീക്ഷിക്കുന്നതും ലഹരിവസ്തുക്കള്‍ പിടികൂടുന്നതുമെല്ലം സംഘത്തിന്റെ ചുമതലയാകും. വന്‍തോതില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നതായി സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളടക്കം പരിശോധിക്കും. ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമെല്ലാം പ്രത്യേക നിരീക്ഷണത്തിലാക്കും. ലഹരി പരിശോധനക്ക് അടക്കം പൊലീസ്, എക്‌സൈസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് തുടങ്ങിയവയുടെ ഏകോപനവും പ്രത്യേക സംഘത്തിന് കീഴിലാക്കണമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നതായി സൂചനയുള്ള 65 പേരുടെ പട്ടിക തയാറാക്കുകയും ഇവരിൽ 25 പേരെ കരുതൽ തടങ്കലിലാക്കാനും എക്സൈസ് ആഭ്യന്തരവകുപ്പിന് അപേക്ഷ നൽകി. പരമാവധി രണ്ടുവർഷം വരെ വിചാരണ കൂടാതെ, തടവിൽ പാർപ്പിക്കാനാകുന്ന പിറ്റ് എൻ.ഡി.പി.എസ് ആക്ട് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്-നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്) ചട്ട പ്രകാരമാണ് കരുതൽ തടങ്കലിലാക്കുന്നത്. നാലെണ്ണത്തിൽ ഉടൻ ഉത്തരവാകും. എക്‌സൈസിന്റെ അപേക്ഷ പ്രകാരം ആഭ്യന്തര സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ഹൈകോടതി ജഡ്ജിമാർ അടങ്ങുന്ന സമിതി പരിശോധിച്ചശേഷമാണ് അന്തിമാനുമതി നൽകുന്നത്. ഈ നിയമം കാര്യമായി പ്രയോഗിക്കാത്തതിനാൽ ഇതുവരെ ഒരാളെ മാത്രമാണ് കരുതൽ തടങ്കലിലാക്കിയത്.