Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് റെക്കോഡ് ജലമൊഴുക്ക്; ഒറ്റ രാത്രിയിലുയർന്നത് ഏഴടി

text_fields
bookmark_border
മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് റെക്കോഡ് ജലമൊഴുക്ക്; ഒറ്റ രാത്രിയിലുയർന്നത് ഏഴടി
cancel
Listen to this Article

കുമളി: ഒരുരാത്രി മുഴുവൻ നിർത്താതെ പെയ്ത കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് റെക്കോഡ് ജലമൊഴുക്ക്. ശനിയാഴ്ച പുലർച്ച നാലിനുള്ള കണക്കുപ്രകാരം സെക്കൻഡിൽ 71733 ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.

കാൽ നൂറ്റാണ്ടിനിടെ അണക്കെട്ടിലേക്ക് ഒഴുകിയ ഏറ്റവും ഉയർന്ന അളവാണ് വെള്ളിയാഴ്ച രാത്രിയിലേത്. ശക്തമായ ജലമൊഴുക്കിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് ജലനിരപ്പ് ഏഴടിയോളം ഉയർന്നു. വെള്ളിയാഴ്ച 132.05 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച വൈകീട്ടോടെ 139 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള ജലം ഒഴുക്ക് വൻതോതിലായതും ജലനിരപ്പ് അതിവേഗം ഉയർന്നതും അധികൃതരെ ഞെട്ടിച്ചു.

തമിഴ്നാട്ടിലും മഴ തുടർന്നതിനാൽ ജലം കൂടുതലായി തമിഴ്നാട്ടിലേക്ക് ഒഴുക്കാനും കഴിഞ്ഞില്ല. ഇതോടെ ശനിയാഴ്ച രാവിലെ ഒമ്പതിന് മുല്ലപ്പെരിയാർ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ 75 സെ.മീ. വീതം ഉയർത്തി സെക്കൻഡിൽ 1064 ഘനയടി ജലം ഇടുക്കിയിലേക്ക് തമിഴ്​നാട് തുറന്നുവിട്ടു. പിന്നാലെ, കൂടുതൽ ജലം അണക്കെട്ടിലേക്ക് എത്തിയതോടെ ഗത്യന്തരമില്ലാതെ ഉച്ചക്ക്​ ഒന്നിന്​​ സ്പിൽവേയിലെ 13 ഷട്ടറുകളും തമിഴ്നാട് തുറന്നു.

ഇതോടെ ഇടുക്കിയിലേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് സെക്കൻഡിൽ 3763 ഘന അടിയായി ഉയർന്നു. തമിഴ്നാട്ടിൽ മഴ തുടരുന്നതിനാൽ അങ്ങോട്ടേക്ക്​ ഒഴുക്കിയിരുന്ന ജലത്തിന്‍റെ അളവ് സെക്കൻഡിൽ 1733 ഘന അടി ആയിരുന്നത് 1400 ഘന അടിയാക്കി തമിഴ്നാട് കുറച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ ആരംഭിച്ച മഴ ശനിയാഴ്ച പുലർച്ച 3.30നാണ് അവസാനിച്ചത്.

അണക്കെട്ടിന്‍റെ പരിസരപ്രദേശങ്ങളിൽ 68 മി.മീറ്ററും തേക്കടി, കുമളി മേഖലകളിൽ 158.40ഉമായിരുന്നു മഴ പെയ്തത്. പുലർച്ച നാലിന്​ സെക്കൻഡിൽ 71733 ഘന അടി ആയിരുന്ന നീരൊഴുക്ക് പിന്നീട് കുറഞ്ഞ് ഉച്ചയോടെ 15400 ഘന അടിയായി. കനത്ത മഴയിൽ വൻതോതിൽ ഒറ്റയടിക്ക് ജലം ഒഴുകി എത്തുന്നതും ജലനിരപ്പ് ഉയരുന്നതും വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേരള അധികൃതർ പറയുന്നു.

Show Full Article
TAGS:mullaperiyar dam water flow Heavy Rain Kerala 
News Summary - Record water flow into Mullaperiyar dam
Next Story