റെഗുലേറ്ററി അസറ്റ്: സമയപരിധി നീട്ടിയില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും, ആപ്ടെലിന് സത്യവാങ്മൂലം നൽകി റെഗുലേറ്ററി കമീഷൻ
text_fieldsതിരുവനന്തപുരം: വൈദ്യുത വിതരണ കമ്പനികളുടെ കമ്മി നികത്തുന്നതിന് സുപ്രീംകോടതി വിധിയെത്തുടർന്ന് ആപ്ടെൽ (അപ്പലേറ്റ് ട്രൈബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി) നടപടി തുടങ്ങിയ സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി വിവരിച്ച് സംസ്ഥാന റെഗുലേറ്ററി കമീഷൻ സത്യവാങ്മൂലം നൽകി.
കെ.എസ്.ഇ.ബിയുടെ കമ്മി തുക 6645.30 കോടിയാണെന്നും ഈ തുക 2028 മാർച്ച് 31നകം ഈടാക്കുകയാണെങ്കിൽ എല്ലാത്തരം ഉപഭോക്താക്കൾക്കും യൂനിറ്റിന് ഒരു രൂപ വെച്ച് വൈദ്യുതി നിരക്കിൽ വർധനവ് വരുത്തേണ്ടിവരുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. സർചാർജായാണ് ഈ തുക ഈടാക്കുക. വർധനവ് ഒഴിവാക്കാൻ കമ്മി നികത്തുന്നതിനുള്ള സമയപരിധി ഏഴുവർഷമായി നിശ്ചയിക്കണമെന്ന് കമീഷൻ സത്യവാങ്മൂലത്തിൽ പറയുന്നു.
വിതരണ കമ്പനികളുടെ നഷ്ടം നികത്താൻ വലിയ തോതിൽ ഉപഭോക്താക്കളുടെ താരിഫ് വർധിപ്പിക്കുന്നത് ഒഴിവാക്കാൻ പിന്നീട് നികത്താമെന്ന ധാരണയോടെ ഒരുഭാഗം റെഗുലേറ്ററി കമീഷനുകൾ മാറ്റിക്കാറുണ്ട്. ഇതാണ് റെഗുലേറ്ററി ആസ്തിയായി (റെഗുലേറ്ററി അസറ്റ്) കണക്കാക്കുന്നത്.
ഇത് വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ വന്നത്. റെഗുലേറ്ററി ആസ്തിയായി മാറിയ വൈദ്യുതി വിതരണ കമ്പനികളുടെ മുൻകാല വരുമാനക്കമ്മി അടുത്ത രണ്ടര വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കണമെന്നായിരുന്നു കോടതി നിർദേശം. ഇതേത്തുടർന്ന് സംസ്ഥാന റെഗുലേറ്ററി കമീഷനുകളോട് നിലവിലെ സ്ഥിതി ആപ്ടെൽ ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരള വൈദ്യുതി റെഗുലേറ്ററി കമീഷൻ സംസ്ഥനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് വ്യക്തമാക്കിയത്.
2024 ഡിസംബറിൽ സംസ്ഥാനത്ത് വൈദ്യുതി ചാർജ് 16 പൈസയും 2025 ഏപ്രിലിൽ 12 പൈസയും വർധിപ്പിച്ചു. റെഗുലേറ്ററി ആസ്തിയുടെ പേരിൽ ഇനിയും നിരക്ക് വർധിപ്പിക്കുന്നത് ഉപഭോക്താക്കളുടെ ഭാരം കൂട്ടുമെന്ന് കമീഷൻ അപ്പീലിൽ വിശദീകരിക്കുന്നു. 2011-12, 2012-13, 2016-17 വർഷങ്ങളിൽ വരുമാനക്കമ്മി വർധിക്കാൻ കാരണം മഴ ദൗർലഭ്യം മൂലം ജലവൈദ്യുതോൽപാദനം കുറഞ്ഞതാണ്. 2017-18 മുതൽ വരുമാനക്കമ്മി കുറഞ്ഞുവരികയാണെന്നും ഏഴുവർഷം സമയപരിധി ലഭിച്ചാൽ റെഗുലേറ്ററി അസറ്റ് പ്രശ്നം പരിഹരിക്കാനാവുമെന്നും കണക്കുകൾ നിരത്തി കമീഷൻ വ്യക്തമാക്കുന്നു.


