മത പണ്ഡിതൻ അബ്ദുൽ റഹ്‌മാൻ അമാനി മൗലവി നിര്യാതനായി
text_fieldsകാസർകോട്: മത പണ്ഡിതനും വാഗ്മിയും ആലൂർ മീത്തൽ ഉമറുൽ ഫാറൂഖ് മസ്ജിദ് ഇമാമുമായ ചട്ടഞ്ചാൽ നിസ്സലാമുദ്ദീൻ നഗറിലെ ഇ.പി. അബ്ദുൽ റഹ്‌മാൻ അമാനി മൗലവി ആദൂർ ( 56) നിര്യാതനായി.
തളിപ്പറമ്പ് ജാമിഅ മഖർ കോളജിൽ നിന്നും അമാനി ബിരുദം കരസ്ഥമാക്കിയ ശേഷം ദീർഘകാലം കളനാട് ജാമിഅ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ബെണ്ടിച്ചാൽ ജുമ മസ്ജിദിലും മറ്റും സേവനം ചെയ്തിരുന്നു.
ആലൂർ ഉമറുൽ ഫാറൂഖ് മസ്ജിദ് ഇമായി സേവനം ചെയ്തു കൊണ്ടിരിക്കെ വ്യാഴാഴ്ച രാത്രി നടന്ന സ്വലാത്ത് മജ്ലിസിലും പ്രാർഥനയിലും അദ്ദേഹം പങ്കെടുത്ത ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുനമ്പത്തെ മുഹമ്മദിന്റെ മകൾ ആമിന ഭാര്യയാണ്. മൂഹിമ്മാത്ത് വിദ്യാർഥികളായ അഫ്രാസ്, അംറാസ്, സിസ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഇ.പി അബൂബക്കർ, അല്ലാജ സഖാഫി, ബഷീർ, അബ്ദുൽ ഖാദർ, സ്വാലിഹ്, ഉമ്മർ, ഹനീഫ് സഖാഫി,റാബിയ.