എം.ടിയുടെ മമ്മൂട്ടി; മമ്മൂട്ടിയുടെ എം.ടി
text_fieldsകൊച്ചി: സിനിമാമോഹം മൊട്ടിട്ട കാലം മുതൽ, എം.ടിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ആഗ്രഹിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അതിനായി ആ ചെറുപ്പക്കാരൻ എം.ടിക്കടുത്തെത്തി. തന്റെ മുന്നിലിരിക്കുന്ന യുവാവിന്റെ ഉള്ളിലെ അഭിനയമോഹവും നടനപ്രതിഭയും സംസാരത്തിലൂടെ തിരിച്ചറിഞ്ഞ എം.ടി തന്റെ അടുത്ത സിനിമകളിലേക്ക് അവസരം നൽകുന്നു.
അവിടെ പിറക്കുകയായിരുന്നു മമ്മൂട്ടി എന്ന മഹാ നടൻ. അതിനുമുമ്പേ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും എം.ടി കഥയും തിരക്കഥയും രചിച്ച ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിക്കുന്നത്.
പിന്നീടിങ്ങോട്ട് വടക്കൻ വീരഗാഥയിലെ ചന്തുവും സുകൃതത്തിലെ രവിശങ്കറും കേരളവർമ പഴശ്ശിരാജയിലെ ടൈറ്റിൽ റോളും അടിയൊഴുക്കുകളിലെ കരുണനുമുൾപ്പെടെ നിരവധി കഥാപാത്രങ്ങൾ മമ്മൂട്ടിയെന്ന അഭിനേതാവിനെ മാത്രം മനസ്സിൽ കണ്ട് എം.ടിയുടെ പേനകളിലൂടെ പിറവി കൊണ്ടു. ആ കഥാപാത്രങ്ങളുടെ സ്രഷ്ടാവിനോട് അങ്ങേയറ്റം കൂറു പുലർത്തി മമ്മൂട്ടി തന്റെ നടനവൈഭവം പൂർണമായും പുറത്തെടുത്ത് ചന്തുവും രവിശങ്കറുമെല്ലാമായി ജീവിച്ചു. തൃഷ്ണ, അനുബന്ധം, ആൾക്കൂട്ടത്തിൽ തനിയേ, മിഥ്യ, അക്ഷരങ്ങൾ, ഇടനിലങ്ങൾ, കൊച്ചു തെമ്മാടി എന്നിങ്ങനെ ഒരുപിടി മമ്മൂട്ടി ചിത്രങ്ങളിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ എം.ടിയായിരുന്നു. ഒടുവിൽ മനോരഥങ്ങൾ ആന്തോളജി സീരീസിലെ കഥാകാരന്റെ ആത്മകഥാംശമുള്ള കടുഗണ്ണാവ; ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രത്തിൽ പി.കെ വേണുഗോപാൽ എന്ന നായകകഥാപാത്രമായും അദ്ദേഹം എം.ടിക്കു വേണ്ടി വെള്ളിത്തിരയിലെത്തി. എം.ടി സംഭാഷണങ്ങൾ എഴുതുമ്പോൾ തന്റെ ശബ്ദത്തിൽ അതെല്ലാം സങ്കൽപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞത് എന്നെന്നും വലിയ അംഗീകാരമായാണ് മമ്മൂട്ടി കരുതുന്നത്.
ആരാണെന്നോ എന്താണെന്നോ വിശദീകരിക്കാനാവാത്ത ഒരാത്മബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 15ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ എം.ടിയുടെ പിറന്നാളാഘോഷത്തിനിടെ കാലിടറിയ എം.ടി ചാഞ്ഞത് പ്രിയ ശിഷ്യനായ മമ്മൂട്ടിയുടെ മാറിലേക്കാണ്.
അസർബൈജാനിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ മമ്മൂട്ടി തിരിച്ചുവന്ന് എം.ടിയെ അവസാനമായി ഒരു നോക്കു കാണാനാവാത്തതിന്റെ വേദനയിലാണ്. അസർബൈജാൻ വിമാനദുരന്തം മൂലം വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നതാണ് യാത്രക്ക് തടസ്സമായതെന്ന് വിവരം ലഭിച്ചതായി പ്രസാധകനും സുഹൃത്തുമായ സി.ഐ.സി.സി ജയചന്ദ്രൻ അറിയിച്ചു.