നർമകുശലനായ നല്ലിടയൻ
text_fieldsപിണറായി വിജയൻ സി.പി.എം സെക്രട്ടറിയായിരിക്കെയായിരുന്നു സംസ്ഥാന സമ്മേളനത്തിെൻറ പോസ്റ്ററുകളിൽ യേശുക്രിസ്തുവിെൻറ ചിത്രവും പ്രത്യക്ഷപ്പെട്ടത്. അത് വലിയ വിവാദമായപ്പോൾ യേശു വലിയ വിപ്ലവകാരിയാണെന്നും വിമോചനത്തിനായി നിലകൊണ്ട വ്യക്തിയാണെന്നുമായിരുന്നു പത്രക്കാർക്കു മുന്നിൽ പിണറായി വിശദീകരിച്ചത്. ആ വിവാദ പ്രസ്താവനയെ മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പിന്തുണച്ചു. പലരും ക്രിസോസ്റ്റത്തിെൻറ നടപടിയെ രൂക്ഷമായി വിമർശിച്ചു. 'യേശു മാറ്റത്തിനുവേണ്ടി നിലകൊണ്ടയാളാണെന്നാ പിണറായി പറഞ്ഞത്, അതു ശരിയല്ലേ..?' എന്നായിരുന്നു മെത്രാപ്പോലീത്തയുടെ മറുചോദ്യം. എന്തായാലും ചോദ്യം ചെയ്തവർക്ക് ഉത്തരംമുട്ടി. ക്രിസോസ്റ്റം പിണറായിയെ നേരിട്ടു ഫോണിൽ വിളിച്ചു. മറുതലയ്ക്കൽ പിണറായി. 'എന്തായാലും ഇത്രയുമായി, ഇനിയും മാമോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയാകരുതോ...?' ക്രിസോസ്റ്റത്തിെൻറ വാക്കുകൾ കേട്ട് സ്വതവേ ഗൗരവക്കാരനായ പിണറായി പോലും മണികിലുങ്ങുംപോലെ പൊട്ടിച്ചിരിച്ചുപോയി.
ആശയത്തിെൻറ മർമം മറക്കാതെ ലക്ഷ്യം നോക്കി തൊടുത്തുവിടുന്ന നർമം മാത്രമായിരുന്നില്ല ക്രിസോസ്റ്റത്തിെൻറ പ്രത്യേകത. തെൻറ മതത്തിെൻറയും സഭയുടെയും പുറത്തുള്ള ലോകത്തിെൻറയും സ്നേഹാദരവുകൾ ആർജിക്കാൻ കഴിഞ്ഞ വ്യക്തികൂടിയായിരുന്നു അദ്ദേഹം. മതത്തിനു സ്വന്തം വിശ്വാസത്തിെൻറ വേലികെട്ടി പരിമിതപ്പെടുത്താതിരുന്നു എന്നതിെൻറ പേരിലാകും ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ കേരളം ഓർത്തിരിക്കുക. നർമകുശലതയോടെ വിശ്വാസികളെ നയിച്ച ഇടയൻ.
'കമ്യൂണിസത്തിന് ഞാൻ മുമ്പും എതിരല്ലായിരുന്നു. ഇപ്പോൾ തീരെയുമല്ല. കമ്യൂണിസം ഇപ്പോൾ തീരെയില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. കമ്യൂണിസമെന്നു മുമ്പ് പറഞ്ഞതല്ല അവരിപ്പോൾ പ്രവർത്തിക്കുന്നത്. ക്രിസ്ത്യൻ സഭയെക്കുറിച്ച് അവർക്കും അങ്ങനെ പറയാം. പക്ഷേ, കമ്യൂണിസത്തിെൻറ വലിയ സംഭാവനയില്ലായിരുന്നുവെങ്കിൽ നമ്മുടെ ദലിത് ഗ്രൂപ്പുകൾക്ക് ഇന്നു കിട്ടിയ സ്ഥാനം കിട്ടുമായിരുന്നില്ല..' 2003ൽ ഒരഭിമുഖത്തിൽ ക്രിസോസ്റ്റം പറഞ്ഞതിപ്രകാരമാണ്.
കോൺഗസിനെക്കുറിച്ചും അദ്ദേഹം നിലപാട് പറഞ്ഞിട്ടുണ്ട്. അതിലുമുണ്ട് മർമഭേദിയായ നർമം. 'ചരിത്രത്തിൽ അധഃപതനം സ്വാഭാവികമാണ്. കല്യാണം കഴിച്ചു ജീവിക്കുന്നതുപോലെയാണ്. കെട്ടുന്ന കാലത്തു വലിയ സ്നേഹമായിരുന്നു. ഇന്നു പക്ഷേ, പുട്ടും ഇടയ്ക്കിടയ്ക്ക് തേങ്ങാപ്പീരയും എന്നു പറഞ്ഞതുപോലെയാണു കോൺഗ്രസിന്റെ കാര്യം. എന്നാലും ആ പുട്ട് ഇന്നും തിന്നാൻ നല്ലതാണ്. അന്നു രാജ്യത്തിനുവേണ്ടി നേതാക്കൾ ജീവിച്ചു. ഇന്നു നേതാക്കൾക്കുവേണ്ടി രാജ്യത്തെ ഉപയോഗിക്കുന്നു...' കോൺഗ്രസുകാരെ കുറിച്ചുള്ള മുഴുവൻ വിമർശനവും ആ വാക്കുകളിലുണ്ട്.
ഇടത്തും വലത്തുമുള്ള രാഷ്ട്രീയക്കാർ ക്രിസോസ്റ്റത്തിെൻറ സൗഹൃദത്തിൽ ഉണ്ടായിരുന്നു. സുകുമാർ അഴീക്കോടും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും എ.കെ. ആൻറണിയും വി.എസ്. അച്യുതാനന്ദനുമെല്ലാം ആ സൗഹൃദമറിഞ്ഞു. മമ്മൂട്ടിയും യേശുദാസും സുരേഷ് ഗോപിയും ഇന്നസെൻറുമെല്ലാമടങ്ങുന്ന സിനിമക്കാരും കലാകാരന്മാരും സാധാരണക്കാരും ഒക്കെയുണ്ടായിരുന്നു ആ സൗഹൃദവലയത്തിൽ. പഠിച്ചിരുന്ന കാലത്തേ പല തരക്കാരുമായി തുടങ്ങിയ സൗഹൃദശീലം മെത്രാപ്പോലീത്തയായ കാലത്ത് പടർന്നു പന്തലിച്ചു.
മാർ ക്രിസോസ്റ്റത്തിന് അപ്പനും അമ്മയുമിട്ട പേര് ഫിലിപ് ഉമ്മൻ എന്നാണ്. ധർമിഷ്ഠൻ എന്നത് വിളിപ്പേര്. ഒരു വൈദികൻ ബിഷപ്പായി തെരഞ്ഞെടുക്കപ്പെടുമ്പോൾ പേരിനൊപ്പം ഏതെങ്കിലുമൊരു വിശുദ്ധെൻറ നാമം സ്വീകരിക്കുന്ന പതിവുണ്ട്. സ്വർണനാവുകാരനായ വിശുദ്ധൻ ക്രിസോസ്റ്റത്തിെൻറ പേരാണ് ഫിലിപ് ഉമ്മൻ സ്വീകരിച്ചത്. അങ്ങനെയാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. ആ പേര് അന്വർത്ഥമായി. ആ നാവിൽ വിളയാടിയത് ജീവിതത്തിെൻറ ആഴമറിഞ്ഞ നർമമായിരുന്നു. അത് വെറും നേരംപോക്കുകളല്ലായിരുന്നു.
വൈദിക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ആ പാത പിന്തുടരുക എന്നത് നിയോഗം തന്നെയായി. പിതാവ് മാര്‍ത്തോമ സഭയുടെ വികാരി ജനറാളായിരുന്ന കുമ്പനാട് അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശ. മാതാവ് കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ ശോശാമ്മ. അവരുടെ രണ്ടാമത്തെ മകനായി 1918 ഏപ്രിൽ 27 ന് ജനിച്ചു.
ഇൻറർ മീഡിയറ്റിനും ഡിഗ്രിക്കും പഠിച്ചിരുന്നത് ആലുവ യു.സി കോളജിലായിരുന്നു. സഹപാഠികളിൽ പലരും പിൽക്കാലത്ത് അതിപ്രശസ്തരായി മാറി. സി.ജെ. തോമസ് എന്ന സാഹിത്യകാരൻ, ആറന്മുള പൊന്നമ്മ എന്ന അഭിനേതാവ്. പി.സി. അലക്സാണ്ടർ, സി.എം. സ്റ്റീഫൻ തുടങ്ങിയ രാഷ്ട്രീയക്കാർ. ജവഹർലാൽ നെഹ്റുവിെൻറ സെക്രട്ടറിയായിരുന്ന എം.ഒ. മത്തായി, മദ്യവർജന സമിതി നേതാവ് എം.പി. മന്മഥൻ ഇവരൊക്കെ സഹപാഠികളായിരുന്നു. അവരുമായുള്ള അടുപ്പം തെൻറ ലോകത്തെ വലുതാക്കിയെന്ന് ക്രിസോസ്റ്റം ഓർമിക്കുമായിരുന്നു.
1944 ജനുവരി ഒന്നിന് ശെമ്മാശ പട്ടം സ്വീകരിച്ച അദ്ദേഹം ജൂണ്‍ മൂന്നിന് ഇരവിപേരൂർ പള്ളിയിൽ വികാരിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു. 1999 ഒക്ടോബർ 23ന് മെത്രാപ്പോലീത്തയാകുന്നതിനുമുമ്പ് വൈദികവൃത്തിയുടെയും സുവിശേഷ വേലയുടെയും ദീർഘമായ കാലം അദ്ദേഹം പിന്നിട്ടിരുന്നു. ബാംഗ്ലൂരിലെ യുനൈറ്റഡ് തിയോളജിക്കൽ കോളജിൽനിന്ന് പഠിച്ച ദൈവശാസ്ത്രവും ഇംഗ്ലണ്ടിലെ കാൻറർബറി സെൻറ്. അഗസ്റ്റിൻ കോളജിലെ ഉപരിപഠന പാഠങ്ങളും യാന്ത്രികമായി പിന്തുടരാൻ ക്രിസോസ്റ്റം മുതിർന്നില്ല.
ക്രിസ്തുമത വിശ്വാസികൾക്കപ്പുറത്തേക്കും നീണ്ടുനിന്നു അദ്ദേഹത്തിെൻറ വ്യക്തിത്വം. എല്ലാ മതനേതാക്കന്മാരുമായും പുലർത്തിപ്പോന്ന സൗഹൃദവും ബന്ധവും ക്രിസോസ്റ്റത്തെ വേറിട്ടുനിർത്തി. കമ്യൂണിസ്റ്റുകാരെ അകറ്റിനിർത്തിയ പഴയ മതശീലം ക്രിസോസ്റ്റം പാലിക്കാൻ കൂട്ടാക്കിയില്ല. കമ്യൂണിസ്റ്റുകാർ ഒളിവിൽ കഴിഞ്ഞ കാലത്ത് അവരുമായുണ്ടായിരുന്ന സൗഹൃദമാണ് അതിനു കാരണമായത്. കൊട്ടാരക്കരയിലെ ചുമട്ടുതൊഴിലാളികളിൽ സമ്പാദ്യശീലം പഠിപ്പിച്ചപ്പോഴും ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികളെ നേർമയിലേക്ക് നയിക്കാൻ ചുമട്ടുതൊഴിലാളിയായപ്പോഴും അധ്വാനിക്കുന്നവർക്കൊപ്പം നിലകൊള്ളുകയായിരുന്നു അദ്ദേഹം. വാക്കിലും പ്രവൃത്തിയിലും മനുഷ്യരോടുള്ള സ്നേഹം കാത്തുസൂക്ഷിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ വിശ്വാസം.
ക്രൈസ്തവസഭകളിൽ ഏറ്റവും കൂടുതൽകാലം മെത്രാൻപദവിയിലിരുന്ന വ്യക്തി എന്ന ബഹുമതി ക്രിസോസ്റ്റത്തിന് അവകാശപ്പെട്ടതാണ്. 2007 ഒക്ടോബർ ഒന്നിന് ആ പദവി ഒഴിയുമ്പോൾ അദ്ദേഹം പറഞ്ഞു 'എനിക്കു പ്രായമായി. ലോകം പുരോഗമിക്കുകയാണ്. എനിക്ക് പരിചിതമായ ലോകം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ സഭയെ നയിക്കാൻ പുതിയ ആളുകൾ വരണം'. മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ബോധ്യം ഈ വാക്കുകൾ വ്യക്തമാക്കുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തിൽ വലിയ മെത്രാപ്പോലീത്തയായി വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു അദ്ദേഹം.
2018ൽ പത്മഭൂഷൺ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. പൊതുസമൂഹം ആദരവോടെ സ്വീകരിച്ച അപൂർവം മതനേതാക്കളിൽ ഒരാൾ കൂടിയാണ് കടന്നുപോകുന്നത്.