സൗരോർജ ഉൽപാദകരുടെ വാദം തള്ളി; ചട്ടഭേദഗതി പിന്തുണച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സോളാർ വൈദ്യതോൽപാദന രംഗത്ത് വലിയ മാറ്റങ്ങൾ നിർദേശിക്കുന്നതും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്ത പുനുരുപയോഗ ഊർജ ചട്ട ഭേദഗതിയുടെ കരടിനെ പിന്തുണച്ച് സർക്കാർ. റഗുലേറ്ററി കമീഷൻ കരട് തയറാക്കിയത് പക്ഷപാതപരമായല്ലെന്നും ഈ മാറ്റം വൈദ്യുതി ശൃംഖലയുടെ സുരക്ഷിതത്വത്തിനും ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാകാതിരിക്കാനും അത്യന്താപേക്ഷിതമാണെന്ന് സർക്കാർ വ്യക്തമാക്കി. നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് പുരപ്പുറ സൗരോർജ ഉൽപാദകരുടെ ആശങ്കകളും വിമർശനങ്ങളും തള്ളുന്ന മറുപടി സർക്കാർ നൽകിയത്.
സംസ്ഥാനത്ത് പുനരുപയോഗ ഊർജ ലഭ്യതയും ഉപയോഗവും പ്രോത്സാഹിപ്പിക്കാനും 2040 ഓടെ ഊർജ ആവശ്യകത പൂർണമായും പുനുരുപയോഗ ഊർജത്തിൽ നിന്നാക്കാനുള്ള നയങ്ങളുടെ ഭാഗമായുമാണ് കമീഷൻ കരട് പ്രസിദ്ധപ്പെടുത്തിയതെന്ന് സർക്കാർ വിശദീകരിക്കുന്നു. നിലവിലെ നെറ്റ് മീറ്ററിങ് സംവിധാനത്തിലെ ബില്ലിങ് കാരണം കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ഇത് സോളാർ പാനലുകളില്ലാത്ത സാധാരണ ഉപഭോക്താക്കളിലേക്ക് എത്തപ്പെടുന്ന സാഹചര്യവും കണക്കിലെടുത്താണ് ചട്ട ഭേദഗതി കൊണ്ടുവന്നത്.
ഇത് നിലവിലെ അപാകത പരിഹരിക്കാനും പുനരുപയോഗ ഊർജ മേഖലയുടെ സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ്. പുതുതായി വരുന്നവർക്ക് ചില നിയന്ത്രണങ്ങൾ മാത്രമാണുള്ളത്. ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകൾ അസ്ഥാനത്താണ്. അത് സോളാർ മേഖലയെ ബാധിക്കില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും അധിക നികുതി വരുമാനം ലഭിക്കുന്നതുമായ നിർദേശങ്ങൾ കരടിലുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.
കരട് സംബന്ധിച്ച തെളിവെടുപ്പിൽ വാദം നടന്നപ്പോൾ ‘സോളാർ ഡെവലപ്പർമാർ’ സംഘമായി ചേർന്ന് വിവിധ സ്ലോട്ടുകളിൽ രജിസ്റ്റർ ചെയ്ത് സാധാരണ ഉപഭോക്താക്കൾ എന്ന പേരിൽ എതിർക്കുകയും ചെയ്തു. തെളിവെടുപ്പിൽ 99 ശതമാനം പേരും എതിർത്തുവെന്ന് പറയുന്നത് ശരിയല്ല. നിലവിലെ ചട്ടങ്ങൾ മാറ്റിയാൽ മാത്രമേ സോളാർ ഇതര ഉപഭോക്താക്കൾക്കടക്കം കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ സാധിക്കൂ. അതേസമയം, ചട്ടഭേദഗതിയിൽ ഓൺലൈൻ തെളിവെടുപ്പ് കമീഷൻ പൂർത്തിയാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുള്ളതിനാൽ അന്തിമചട്ടം പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.


