പുനരുപയോഗ ഊർജ ചട്ടഭേദഗതി; തുടർനടപടി നിയമവശങ്ങൾ പരിശോധിച്ചശേഷം
text_fieldsസോളാർ പ്ലാന്റ്
തിരുവനന്തപുരം: സോളാർ വൈദ്യുതോൽപാദന രംഗത്ത് നിർണായക മാറ്റങ്ങൾ നിർദേശിക്കുന്ന പുനരുപയോഗ ഊർജ ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമവശങ്ങൾ പരിശോധിച്ചശേഷം. ചട്ടഭേദഗതിയിൽ ഓൺലൈൻ തെളിവെടുപ്പ് പോരെന്നും നേരിട്ട് വാദം കേൾക്കണമെന്നുമുള്ള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ച സാഹചര്യത്തിലാണിത്.
രാജ്യത്താകെ റഗുലേറ്ററി കമീഷനുകളുടെ വിവിധ വിഷയങ്ങളിലെ വാദംകേൾക്കൽ, തെളിവെടുപ്പ് നടപടികൾ എന്നിവ ഏകീകൃത രീതിയിലല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഇടപെടൽ. റഗുലേറ്ററി കമീഷനുകൾ തെളിവെടുപ്പ് നടത്തേണ്ടത് സംബന്ധിച്ച് പൊതു മാനദണ്ഡം ഉണ്ടാക്കണമെന്നും അതിനായി ഫോറം ഓഫ് റഗുലേറ്റേഴ്സിനെ കൂടി കക്ഷി ചേർക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇതിന് കോടതിയെ സഹായിക്കാൻ അഡ്വ. ആനന്ദ് ഗണേശനെ അമിക്കസ് ക്യൂറി ആയി നിയമിക്കുകയും ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ സോളാർ ചട്ടഭേദഗതിയിൽ നേരിട്ടുള്ള തെളിവെടുപ്പ് നടത്തുന്നത് സംബന്ധിച്ച നിയമവശങ്ങൾ സംസ്ഥാന റഗുലേറ്ററി കമീഷൻ പരിശോധിച്ചുവരികയാണ്. അതേസമയം, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ച സാഹചര്യത്തിൽ റഗുലേറ്ററി കമീഷൻ നേരിട്ടുള്ള തെളിവെടുപ്പ് നടത്താൻ സന്നദ്ധമാവുകയാണ് വേണ്ടതെന്ന് സൗരോർജ ഉൽപാദകർ വാദിക്കുന്നു.
ഓൺലൈൻ തെളിവെടുപ്പിനെതിരെ ‘ഡൊമെസ്റ്റിക് ഓൺഗ്രിഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം കേരള’യാണ് ഹൈകോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ ഒക്ട്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താൻ ലക്ഷ്യമിട്ടിരുന്ന പുനരുപയോഗ ഉൗർജ ചട്ട ഭേദഗതി നടപ്പാക്കൽ നീളുമെന്നുറപ്പായി.


