പരിസ്ഥിതി കൗൺസിലിൽ പിൻവാതിൽ നിയമനമെന്ന് റിപ്പോർട്ട്
text_fieldsകേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി
തൃശൂർ: ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ നിയമനങ്ങൾ അനധികൃതമെന്ന് പരിശോധന റിപ്പോർട്ട്. നിയമനം സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് പോലും കണ്ടെത്താനായില്ലെന്നും പരാതിയെ തുടർന്ന് ധനവകുപ്പ് നടത്തിയ പരിശോധന റിപ്പോർട്ടിൽ പറയുന്നു. പ്രിൻസിപ്പൽ സയന്റിഫിക് ഓഫിസർ ഡോ. അരുണിന്റേതടക്കം നടന്ന നിയമനങ്ങളെല്ലാം പിൻവാതിൽ വഴിയാണെന്നും പരിശോധന റിപ്പോർട്ടിൽ വ്യക്തമാകുന്നു.അരുണിന്റെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ല. ഇദ്ദേഹത്തെ നിയമിച്ചതുമായി ബന്ധപ്പെട്ട സെലക്ഷൻ കമ്മിറ്റി യോഗ മിനിറ്റ്സിന്റെ പകർപ്പും റാങ്ക് ലിസ്റ്റും കൗൺസിൽ ഡയറക്ടറുടെ ഓഫിസിൽ ലഭ്യമല്ല.
ഡോ. എ.ആർ. ശാരിക (സയന്റിസ്റ്റ്-ബി)യുടെ നിയമനത്തിന്റെ ഫയലും കണ്ടെത്താനായില്ല. ബി.എം. ഷെറിനെ നിയമിക്കുമ്പോൾ സയൻറിഫിക് ഓഫിസർ തസ്തികയിൽ ഒഴിവുണ്ടായിരുന്നില്ല. ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ തസ്തിക കൗൺസിൽ ഡയറക്ടറിയിലേക്ക് ഷിഫ്റ്റ് ചെയ്താണ് പ്രവേശനം നൽകിയത്. കൗൺസിൽ ഉത്തരവുപ്രകാരം ശാസ്ത്ര സാഹിത്യ പരിസ്ഥിതി കൗൺസിൽ ഡയറക്ടറേറ്റിൽ അക്കോമഡേറ്റ് ചെയ്യുകയായിരുന്നു. അർജുൻ പ്രസാദും നിയമനം നേടിയത് കെ.എഫ്.ആർ.എ വഴിയിലൂടെയാണ്. മറ്റ് ജീവനക്കാരുടെ സ്ഥിതി സമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൗൺസിലിന്റെ നിയമനത്തിന് വിശേഷാൽ ചട്ടങ്ങൾ രൂപവത്കരിക്കുന്നതിന് അടിയന്തര നടപടി വേണമെന്നും മുഴുവൻ സ്ഥിരം നിയമനങ്ങളും പി.എസ്.സി വഴിയാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണം. കൗൺസിൽ യോഗം എല്ലാ വർഷവും ചേരാൻ നടപടി വേണമെന്നും ശിപാർശയിലുണ്ട്. 1991 മുതൽ നടന്ന താൽക്കാലിക കരാർ, ദിവസവേതന ആശ്രിത നിയമനം, തസ്തികമാറ്റം, സ്ഥിരനിയമനം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന്റെ ഫയലും ലഭിച്ചിട്ടില്ല.
ഇത് നിർദേശങ്ങളുടെ ലംഘനമായതിനാൽ ഡയറക്ടറിൽനിന്നും വിശദീകരണം വാങ്ങി അച്ചടക്കനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. മാനദണ്ഡങ്ങൾപ്രകാരം ദേശീയതലത്തിൽ പ്രചാരമുള്ള പത്രങ്ങളിൽ ഒഴിവ് പ്രസിദ്ധപ്പെടുത്തി അപേക്ഷ ക്ഷണിച്ച് വേണം ഡയറക്ടർമാരുടെ നിയമനം നടത്താൻ. കോടതി ഉത്തരവോ സർക്കാർ അനുമതിയോ ഇല്ലാതെയാണ് അംഗീകൃത തസ്തികയിലേക്ക് കൗൺസിലിൽ 40 ജീവനക്കാരെ നിയമിച്ചത്. ഇവരുടെ നിയമന അംഗീകാരം ലഭിക്കാൻ കൗൺസിൽ മെംബർ സെക്രട്ടറി ശാസ്ത്ര സാങ്കേതിക വകുപ്പിന് കത്ത് നൽകുകയും ചെയ്തു. ഇക്കാര്യത്തിലും സർക്കാർ ഉചിത തീരുമാനമെടുക്കണമെന്നുംറിപ്പോർട്ട് ശിപാർശ ചെയ്യുന്നു.


