അട്ടപ്പാടിയിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ 13,000 ഏക്കറിലധികം ഭൂമി 2010ൽ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്
text_fieldsപാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടി
തൃശൂർ: അട്ടപ്പാടി ട്രൈബൽ താലൂക്കിലെ വിവിധ വില്ലേജുകളിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ 13,000 ഏക്കറിലധികം ഭൂമി 2010ൽ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്. വില്ലേജുകളിലെ എ ആൻഡ് ബി രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് മണ്ണാർക്കാട് മൂപ്പിൽ സ്ഥാനംവക എന്ന രേഖപ്പെടുത്തിയ ഭൂമി കണ്ടെത്തിയത്. പാലക്കാട് കലക്ടർ 2010 ആഗസ്റ്റ് 18ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഈ ഭൂമിക്ക് മണ്ണാർക്കാട് മൂപ്പിൽ നായർ നികുതി അടച്ചതായി രേഖയില്ല. ബാലഗോപാലപ്പണിക്കരുടെ പേരിലുള്ളത് ഒഴികെ അട്ടപ്പാടി പ്രദേശത്തെ ഭൂമി മണ്ണാർക്കാട് നായരുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ഒരു സീലിങ് കേസിലും ഉൾപ്പെട്ടിട്ടില്ല. ബാലഗോപാലപ്പണിക്കർ പേരിൽ ഉള്ളതിലും കോട്ടത്തറ വില്ലേജിലെ സ്ഥലം ഉൾപ്പെട്ടിട്ടില്ല. കലക്ടർ എം.എസ്. മാധവിക്കുട്ടി കഴിഞ്ഞ ദിവസം വീണ്ടും നിർദേശം നൽകിയത് വിവിധ വില്ലേജുകളിൽ മൂപ്പിൽ നായരുടെ പേരിലുള്ള ഭൂമിയുടെ കണക്കെടുക്കാനാണ്. കലക്ടറുടെ ഓഫിസിൽ 2010 എടുത്ത കണക്ക് ഇരിക്കെയാണ് വീണ്ടും കണക്ക് എടുക്കുന്നത്.
അവസാനത്തെ മൂപ്പിൽ സ്ഥാനിയായ താത്തുണി നായർ 1960 ജനുവരി മൂന്നിനാണ് അന്തരിച്ചത്. അതിനുശേഷം ഒറ്റപ്പാലം സബ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് റിസീവർ ആണ് മൂപ്പിൽ സ്ഥാനിയുടെ സ്വത്തുകളുടെ ഭരണം നടത്തിയിരുന്നത്. തറവാട്ടിലെ ഭാഗവ്യവഹാരത്തിലെ വിധിപ്രകാരം മരണത്തിനു മുമ്പ് നൽകിയിരുന്ന ലീസ് ആധാരങ്ങൾ അസാധുവാണെന്ന് കാണിച്ച് ശശീന്ദ്രൻ ഉണ്ണി 2010ൽ പാലക്കാട് കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറിക്കും അപേക്ഷ സമർപ്പിച്ചു. അതെല്ലാം നിയമ സെക്രട്ടറിയുടെ നിയമോപദേശ പ്രകാരം റവന്യൂ വകുപ്പ് തള്ളിയിരുന്നു.
അതേസമയം, മറ്റ് ഒമ്പത് മിച്ചഭൂമി കേസുകൾ 2010ൽ നിലവിലുണ്ടായിരുന്നു. കോട്ടത്തറ പഴനി സ്വാമി നായിഡു -79.24 ഏക്കർ, കോട്ടത്തറ ശോഭാ എസ്റ്റേറ്റ് -254.41, കള്ളമല ക്രിസ്തു ശിഷ്യസംഘം -475, അഗളി പി.വി. തമ്പി- 29.68, ഷോളയൂർ ടി.കെ. സാമുവൽ -32.66, ഷോളയൂർ ബാലഗോപാലപ്പണിക്കാർ- 308, അഗളി കല്ലുവേലിൽ ദേവസ്യ- 19.48, കോട്ടത്തറ ഭവാനി ടീ പ്രൊഡ്യൂസിങ് കമ്പനി 407 ഏക്കർ എന്നിങ്ങനെയാണ് മിച്ചഭൂമി ഏറ്റെടുക്കേണ്ടവരുടെ ലിസ്റ്റ്.
ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് പ്രകാരം കോട്ടത്തറ വില്ലേജിലെ 1273, 1275 എന്നീ സർവേ നമ്പരുകളിലെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് സർവേ നമ്പറിലുമായി ആകെയുള്ള ഭൂമി 232.74 ഏക്കറാണ്. അതിൽ 42.26 ഏക്കർ വനഭൂമിയാണ്. ബാക്കി 190.48 ഏക്കറാണ് കൈവശഭൂമി. എന്നാൽ, പരിശോധനയിൽ 239. 60 ഏക്കർ ഭൂമിയുടെ 62 പ്രമാണങ്ങളാണ് കണ്ടെത്തിയത്.
സാജൻ റിയാലിറ്റിസിന് 25 പ്രമാണങ്ങളിലായി 101 ഏക്കറും ശുഭ റിയാലിറ്റിസിന് രണ്ട് പ്രമാണത്തിനായി ഒമ്പത് ഏക്കറും ഭൂമിയുണ്ട്. മറ്റുള്ളവർക്ക് 36 പ്രമാണത്തിൽ 129 ഏക്കർ. നിലവിലുള്ള ഭൂമിയേക്കാൾ 49.12 ഏക്കർ അധികം ഭൂമിക്ക് ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നു. ഈ ഭൂമി ആകാശത്ത് ആയിരിക്കാം.
ആദിവാസികളുടെ ഭൂമി ഇനിയും അന്യാധീനപ്പെടാതിരിക്കാൻ ആദിവാസികളുടെ ഭൂമി ഉൾപ്പെട്ട പ്രദേശമെല്ലാം ഭൂമി മലയാളം പദ്ധതിയിലുൾപ്പെടുത്തി സർവേ ചെയ്ത് രേഖകൾ തയാറാക്കി നൽകണമെന്നാണ് ശിപാർശ നൽകിയത്. ഭൂമി സംബന്ധിച്ച രേഖകൾ ആദിവാസികൾക്ക് നൽകണം. ഇവ ബന്ധപ്പെട്ട റവന്യൂ ഓഫിസിലും സബ് റജിസ്ട്രാർ ഓഫിസിലും ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസിലും സൂക്ഷിക്കണമെന്നും നിർദേശിച്ചു.
അട്ടപ്പാടിയിലെ ഭൂമിയിടപാടുകളിൽ പ്രഥമദൃഷ്‌ട്യാ വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയതിനാലും ഭൂമിയിടപാടിൽ വിവിധ ഉൾപ്പെട്ടു വരുന്നതിനാലും ഒരു ബാഹ്യ ഏജൻസിയെ കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും ശിപാർശ ചെയ്തു.
അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് രൂപം കൊടുത്ത അഹാഡ്‌സിൽ പ്രവർത്തനത്തിന്ന് തയാറാക്കിയ അടിസ്ഥാന രേഖകൾ അവിഹിതമായി ഭൂമിയിടപാടിന്ന് ഉപയോഗിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ച അഹാഡ്‌സിലെ കുറ്റക്കാരായ ജീവനക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും വകുപ്പുതല നടപടികളും സ്വീകരികണമെന്നും കലക്ടർ ആവശ്യപ്പെട്ടിരുന്നു. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസി ഭൂമിക്ക് രേഖ നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞില്ല.


