പാചകവാതക ബുക്കിങ്ങിൽ നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള
text_fieldsകോഴിക്കോട്: വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഇനി മുതൽ ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ. ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഗ്യാസ് ഏജന്‍സികള്‍ പറഞ്ഞു.
രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില ഇന്ന് വർധിപ്പിച്ചിരിക്കുകയാണ്. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 913 രൂപയായി. കേരളത്തിൽ 922 രൂപയാണ്. വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 1883 രൂപയായി ഉയര്‍ന്നു. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിടാതെ തുടരുന്നത് ക്രൂഡ് ഓയില്‍ വിലയെയും ഊര്‍ജഇറക്കുമതിയെയും ബാധിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വാണിജ്യ സിലിണ്ടറിന് വില വര്‍ധിച്ചത് ഹോട്ടല്‍ മേഖലക്കും വ്യവസായ സംരഭകര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പേരില്‍ എണ്ണക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുവെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.


