തരംമാറ്റ ഭൂമി കൈമാറ്റം; പോക്കുവരവ് അപേക്ഷ തീർപ്പാക്കാൻ വിചിത്ര വാദവുമായി റവന്യൂ വകുപ്പ്
text_fieldsതിരുവനന്തപുരം: റവന്യൂ വകുപ്പ് സേവനങ്ങൾ മിക്കതും ഓൺലൈനായി മാറിയെങ്കിലും, പോക്കുവരവ് അപേക്ഷകളിൽ വിചിത്ര നടപടിയുമായി റവന്യൂ വകുപ്പ്. തരംമാറ്റിയ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ രജിസ്റ്റര്‍ ചെയ്യുന്ന ആധാരത്തില്‍ നിലം/പുരയിടം എന്ന് രേഖപ്പെടുത്തിയാൽ മതിയാകും.
ഓൺലൈനിലും ഈ രണ്ട് ഓപ്ഷനുകളാണുള്ളത്. എന്നാൽ ആധാരത്തിൽ എല്ലായിടത്തും ‘സ്വഭാവവ്യതിയാനം നടത്തിയ പുരയിടം’ എന്നെഴുതാതെ പോക്കുവരവ് ചെയ്യാനാകില്ലെന്നാണ് റവന്യൂ വകുപ്പിന്റെ കടുംപിടിത്തം. ഇത് ഭൂ ഉടമകളെ വട്ടംചുറ്റിക്കുകയാണ്.
നഗരങ്ങളില്‍ അഞ്ച് സെന്റും ഗ്രാമങ്ങളില്‍ 10 സെന്റും നിലംനികത്തിയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി തരംമാറ്റിയ രേഖകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെടരുതെന്ന സര്‍ക്കാർ നിർദേശം നിലനിൽക്കെയാണ് തരംമാറ്റിയ ഭൂമിയുടെ പോക്കുവരവിന് പുത്തന്‍ തന്ത്രങ്ങളുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയത്.
കൈമാറ്റം ചെയ്യുന്ന ആധാരത്തില്‍ പുരയിടം എന്നെഴുതിയ ഇടത്തെല്ലാം സ്വഭാവവ്യതിയാനം നടത്തിയ പുരയിടം എന്ന് മാറ്റിയാലേ പോക്കുവരവ് ചെയ്യാനാകൂ.
നിലം ഇനത്തിൽപെട്ട ഭൂമി തരംമാറ്റി രേഖകളില്‍ പുരയിടം എന്നാക്കിയ ശേഷം റവന്യൂ വകുപ്പ് പുരയിടത്തിനുള്ള ന്യായവില നിശ്ചയിച്ചശേഷമാണ് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നത്. സ്വഭാവവ്യതിയാനം നടത്തി പുരയിടമാക്കുന്ന ഭൂമി പോക്കുവരവ് ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനുപിന്നില്‍ അഴിമതിയാണെന്നും ആരോപണമുണ്ട്. മുന്‍കാലങ്ങളില്‍ ഭൂമി പോക്കുവരവ് ചെയ്യാന്‍ പോക്കുവരവ് അപേക്ഷ വില്ലേജ് ഓഫിസില്‍ നല്‍കണം.
ഇപ്പോള്‍ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ വിവരവും ആധാരത്തിന്റെ പകര്‍പ്പും വില്ലേജ് ഓഫിസില്‍ ലഭിക്കും. അപൂർവം ചില വില്ലേജ് ഓഫിസുകളില്‍ അപ്പോള്‍ തന്നെ കൈമാറ്റം ചെയ്ത ഭൂമി പോക്കുവരവ് ചെയ്ത് നികുതി ഈടാക്കും. എന്നാല്‍ ചില സ്ഥലങ്ങളിൽ ഭൂഉടമകളോ ഏജന്റോ വില്ലേജ് ഓഫിസില്‍ നേരിട്ടുപോയാല്‍ മാത്രമെ പോക്കുവരവ് സാധ്യമാകൂ. ഇതിനായി കൈമടക്കും നല്‍കേണ്ടിവരും.
സബ് ഡിവിഷന് വേണ്ടിവരുന്ന ഭൂമിയുടെ പോക്കുവരവിനുവേണ്ടി താലൂക്ക് ഓഫിസിലേക്ക് ഓണ്‍ലൈന്‍വഴി അയക്കും. താലൂക്കില്‍ ചിലർ അപ്പോള്‍തന്നെ പാസാക്കും.
മറ്റ് ചിലർ ഭൂഉടമയോ ഏജന്റോ വരാനായി കാത്തിരിക്കും. ഏജന്റോ, ഭൂഉടമയോ എത്തി കൈമടക്ക് നല്‍കിയാലേ താലൂക്കില്‍ നിന്നും പോക്കുവരവ് പാസാവുകയുള്ളൂ. പല താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും പോക്കുവരവ് പൂര്‍ത്തിയാക്കാനായി നൂറുകണക്കിന് ആധാരങ്ങൾ ഇങ്ങനെ കാത്തുകിടക്കുകയാണ്.