Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജില്ല പുനഃസംഘടനയ്ക്ക്...

ജില്ല പുനഃസംഘടനയ്ക്ക് കമ്മിറ്റി, ഓണത്തിന് ശേഷം പ്രഖ്യാപനം; മലപ്പുറത്തിന് ജില്ലക്ക് അർഹതയുണ്ടെന്നും റവന്യൂ മന്ത്രി എ.പി.അനിൽകുമാർ

text_fields
bookmark_border
Revenue Minister AP Anil Kumar
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉടൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ.ഓണം കഴിഞ്ഞയുടൻ കമ്മിറ്റി രൂപീകരണ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മൂവാറ്റുപുഴയിൽ പുതിയ ജില്ല വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. അവിടുത്തെ എം.എൽ.എ ആവശ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി അനുകൂല നിലപാട് പറഞ്ഞത്. ഏതൊക്കെ ജില്ലകൾ രൂപീകരിക്കണം എന്നത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സെൻസസ് നടപടികൾ 2027 വരെ നീളുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിർത്തി മാറ്റത്തിൽ നിയന്ത്രണമുണ്ട്. എന്നാൽ കമ്മിറ്റിയെ വെക്കുന്നതിന് തടസ്സമില്ല.

ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്നത് മലപ്പുറം ജില്ലയാണ്. 16 നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്തിന് വിഭജനം അർഹതപ്പെട്ടതാണ്. മലപ്പുറത്തുകാരൻ എന്ന നിലയിലും റവന്യൂ മന്ത്രി എന്ന നിലയിലും അതിനോട് യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന് വിവേചനം നേരിടുന്നു എന്ന് ഇപ്പോൾ പറയേണ്ട സാഹചര്യമില്ല, പുനഃസംഘടന നടക്കുമ്പോൾ നീതി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വഖഫ് ബോർഡ് ഭേദഗതിയിൽ കേന്ദ്ര സർക്കാരിന്റെ നടപടി തെറ്റാണെന്നും മന്ത്രി വിമർശിച്ചു. വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ദേവസ്വം ബോർഡുകളിൽ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തുമോ? ബിജെപി ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. യു.ഡി.എഫ് സർക്കാർ വന്നാൽ ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും, അതിനെ വഖഫ് നിയമവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ വഖഫ് സെമിനാർ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും, കഴിഞ്ഞ 10 വർഷം ന്യൂനപക്ഷ വിരുദ്ധ നിലപാട് എടുത്തതിന്റെ തിരുത്തലാണിതെന്നും മന്ത്രി ആരോപിച്ചു.

Show Full Article
TAGS:AP Anil Kumar Revenue Minister​ New Districts Malappuram Muvatupuzha 
News Summary - Revenue Minister AP Anil Kumar Announces Committee for New Districts in Kerala
Next Story