അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കണമെന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോർട്ട്
text_fieldsതൃശൂർ: അട്ടപ്പാടിയിലെ ഭൂമി കൈയേറ്റത്തിൽ അന്വേഷണം നടത്തണമെന്ന് റവന്യൂ സെക്രട്ടറി എം.ജി.രാജമാണിക്യം സർക്കാറിന് നൽകിയ റിപ്പോർട്ടിൽ ശിപാർശ. അട്ടപ്പാടിയിൽ ഭൂമി അന്യാധീനപ്പെടുന്നുവെന്ന ആദിവാസികളുടെ പരാതിയെ തുടര്‍ന്ന് ആഗസ്റ്റ് 23ന് റവന്യൂ സെക്രട്ടറി ഉന്നതികള്‍ അടക്കം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് നിർദ്ദേശം. അട്ടപ്പാടിയിലെ ഭൂപ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
മൂപ്പിൽ നായര്‍ക്കെതിരെ ഭൂപരിധി നിയമലംഘനത്തിന് കേസെടുക്കാൻ ലാൻഡ് ബോര്‍ഡ് നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. അട്ടപ്പാടിയിൽ വന്‍ തോതിൽ ഭൂമിയുണ്ടെന്ന് മൂപ്പിൽ നായര്‍ കുടുംബത്തിന്‍റെ അവകാശവാദത്തിന് ഒരു തെളിവുമില്ലെന്ന് മുൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ കോട്ടത്തറ വില്ലേജിൽ 575 ഏക്കര്‍ ഭൂമിക്ക് ആധാരം രജിസ്റ്റർ ചെയ്ത് വിറ്റരുന്നു. ഇതിനെക്കുറിച്ചുള്ള രജിസ്ട്രേഷൻ വകുപ്പ് അന്വേഷണത്തിൽ സ്ഥലം ഭൂപരിഷ്കരണ നിയത്തിൽ നിന്ന് ഒഴിവാക്കിയതായിരുന്നു എന്നായിരുന്നു കുടുംബത്തിന്‍റെ വാദം. ഇതിനിടെയാണ് ഭൂപരിധി നിയമം ലംഘിച്ചതിന് കേസെടുക്കാൻ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
വില്ലേജ് രേഖകളിൽ മൂപ്പിൽ നായരുടെ പേരിലുള്ള 300 ഏക്കര്‍ വാക്കാൽ പാട്ടത്തിന്‍റെ മറവിൽ കൈമാറിയിട്ടുണ്ട്. ഇതിന് തണ്ടപ്പേര്‍ നൽകി കരം വാങ്ങി. ചില ഇടപാടുകളിൽ കരം അടച്ച രസീതിന്‍റെ പകര്‍പ്പ് മാത്രം വെച്ച് പോക്ക് വരവ് ചെയത് കരം സ്വീകരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണം.
മൂലഗംഗൽ, വെച്ചപ്പതി, വെള്ളിക്കുളം ആദിവാസി ഊരുകൂട്ടങ്ങൾക്ക് വനാവകാശം നൽകിയിട്ടുണ്ട്. വെള്ളകുളത്ത് കൈവശാവകാശം നൽകിയ 982.43 ഏക്കര്‍ വനഭൂമിക്ക് വനം വകുപ്പ് എൻ.ഒ.സിയുണ്ടെന്ന പേരിൽ തണ്ടപ്പേര് നൽകി കരം സ്വീകരിച്ചതിനെക്കുറിച്ച് റവന്യു വിജിലന്‍സ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകണം. വനം വകുപ്പിനോടും അന്വേഷണം ആവശ്യപ്പെടണം.
250 ഏക്കറിലധികം ചാലക്കുടി സനാതന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെക്കുന്നവെന്ന പരാതിയിൽ ഭൂപരിധി നിയമ ലംഘനത്തിൽ കേസെടുക്കണം. നിരവധി ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും ഭൂപരിധി ഇളവ് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. പുതുര്‍ വില്ലേജിൽ രേഖകളില്ലാത്തെ 378 ഏക്കറിന് കരം സ്വീകരിച്ചതിൽ വില്ലേജ് ഓഫിസര്‍, തഹസിൽദാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണവും നടപടിയും സ്വീകരിക്കണം.
വളരെക്കാലമായി അട്ടപ്പാടിയിൽ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥര്‍ അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അന്വേഷണം വേണം. രണ്ടു വര്‍ഷത്തലിധികം അട്ടപ്പാടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാനും നിര്‍ദ്ദേശിച്ചു. വെച്ചപതി, വെള്ളക്കുളം ,മൂലഗംഗൽ ഉന്നതികളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ടും വൈദ്യുതി വേലികള്‍ നിര്‍മിച്ചും ആദിവാസികളുടെയും സര്‍ക്കാറിന്‍റെയും ഭൂമി കൈയേറിയതായി നേരിൽ കണ്ടുവെന്നും റവന്യൂ സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.


