ക്വാറി അപകടം: ഒരാളുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെയാൾക്കായി രക്ഷാപ്രവർത്തകരുടെ പരിശ്രമം തുടരുന്നു, കൂറ്റൻ പാറകൾ ഇടിഞ്ഞുവീഴുന്നു
text_fieldsകോന്നി (പത്തനംതിട്ട): പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഇടിഞ്ഞ് വീണ കരിങ്കല്ലുകൾക്കടിയിൽപെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. ക്വാറിത്തൊഴിലാളിയായ മഹാദേവിന്റെ മൃതദേഹമാണ് മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്തത്. ക്വാറിയിൽ ഉണ്ടായിരുന്ന ഹിറ്റാച്ചിക്ക് മുകളിൽ പാറക്കൂട്ടം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. ഹിറ്റാച്ചി ഓപറേറ്റർ അജയ് റായിക്കായി തെരച്ചിൽ തുടരുകയാണ്. കൂറ്റൻ പാറകൾ ഇടിഞ്ഞുവീഴുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‍കരമാണ്.
ഇന്ന് ഉച്ച ഭക്ഷണം കഴിഞ്ഞ് ജോലിക്ക് കയറിയ തൊഴിലാളികൾക്ക് മേലെയാണ് കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞുവീണത്. മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസിനും ഫയർഫോഴ്സിനും അപകടസ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞത്.
ഒഡീഷ, ബിഹാർ സ്വദേശികളാണ് മഹാദേവും അജയ് റായിയും. പാറമട തൊഴിലാളികളായ ഇവർ പണിയെടുക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.