കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം; 9.96 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ 9.96 കോടി രൂപ അനുവദിച്ചു.
കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ് കോവിഡ് മൂലം മരിച്ച, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നതാണ് പദ്ധതി.
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചത്.
2020നും 2023നും ഇടയിൽ ലോകത്താകെ ഏകദേശം 22.1 മില്യൺ (2.21 കോടി) 'അധിക മരണങ്ങൾ' സംഭവിച്ചതായി ഡബ്ല്യു.എച്ച്.ഒയുടെ 'വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026' റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ലോകമെമ്പാടും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട 70 ലക്ഷം കോവിഡ് മരണങ്ങളേക്കാൾ മൂന്നിരട്ടിയിലധികം വരും. ആഗോള ആരോഗ്യരംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദക്കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങളെല്ലാം 2021ഓടെ കോവിഡ് മഹാമാരി തുടച്ചുനീക്കിയതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ആഗോള ആരോഗ്യ സംവിധാനങ്ങൾ നേരിട്ട ചരിത്രപരമായ തിരിച്ചടിയാണിതെന്നും റിപ്പോർട്ട് വിശേഷിപ്പിക്കുന്നു.
2019നും 2021നും ഇടയിൽ ആഗോളതലത്തിൽ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യത്തിൽ 1.8 വർഷത്തിന്റെ കുറവുണ്ടായി. രോഗങ്ങളില്ലാതെ ജീവിക്കാനാകുന്ന ആരോഗ്യകരമായ ആയുർദൈർഘ്യം 1.5 വർഷവും കുറഞ്ഞു. സമീപകാല ചരിത്രത്തിൽ ഇത്രയും വലിയൊരു തിരിച്ചടി ആദ്യമായാണ്. 2021ലായിരുന്നു മരണനിരക്ക് ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തിയത്. ആരോഗ്യസംവിധാനങ്ങൾ പൂർണ്ണമായി തകർന്ന ആ വർഷം മാത്രം 10.4 മില്യൺ (1.04 കോടി) അധിക മരണങ്ങൾ രേഖപ്പെടുത്തി. പിന്നീട് 2022ൽ ഇത് 4.9 മില്യണായും, 2023ൽ 3.3 മില്യണായും കുറഞ്ഞു. പല രാജ്യങ്ങളും കോവിഡിന് മുൻപുള്ള ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരു നിശ്ചിത കാലയളവിൽ സാധാരണ ഗതിയിൽ സംഭവിക്കേണ്ട മരണങ്ങളേക്കാൾ കൂടുതൽ ഉണ്ടാകുന്ന നിരക്കാണ് അധിക മരണങ്ങൾ. നേരിട്ടുള്ള കോവിഡ് മരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മഹാമാരി കാരണം ആരോഗ്യ സംവിധാനങ്ങൾ തകിടം മറിഞ്ഞതുമൂലം കൃത്യസമയത്ത് ചികിത്സ കിട്ടാതെയും മറ്റും മരണപ്പെട്ടവരും ഈ കണക്കിൽ വരും.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് പുരുഷന്മാരെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ കോവിഡ് അതിന്റെ ഉച്ചസ്ഥായിയിൽ നിന്നപ്പോൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മരണനിരക്ക് 50 ശതമാനം കൂടുതലായിരുന്നു. പ്രായമായവരെയാണ് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത്, പ്രത്യേകിച്ച് 85 വയസ്സിന് മുകളിലുള്ളവരെ. വാക്സിനേഷൻ പ്രോഗ്രാമുകൾ, ക്ഷയം, എച്ച്.ഐ.വി ചികിത്സകൾ, മറ്റ് ഗുരുതര രോഗങ്ങൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ പാതിവഴിയിൽ തടസ്സപ്പെട്ടത് പരോക്ഷമായ മരണങ്ങളുടെ എണ്ണം കൂട്ടാൻ കാരണമായി.


