യൂത്ത് കോൺ. ഗാന്ധി അനുസ്മരണത്തിനിടെ ആർ.എസ്.എസ് ആക്രമണം; 10 പേർക്കെതിരെ കേസ് -VIDEO
text_fieldsനടുവിൽ ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ നടന്ന സംഘർഷാവസ്ഥ
നടുവിൽ (കണ്ണൂർ): യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി നടുവിൽ ബസ് സ്റ്റാൻഡിൽ നടത്തിയ ‘ഹേ റാം’ ഗാന്ധി അനുസ്മരണ പരിപാടിയിൽ ആർ.എസ്.എസിന്റെ ആക്രമണ നീക്കം. പരിപാടി നടക്കുന്ന വേദിയിലേക്ക് തള്ളിക്കയറുവാനും ഫ്ലക്സ് എടുത്തുമാറ്റാനും ശ്രമിച്ചെങ്കിലും ശക്തമായ പൊലീസ് കാവലുള്ളതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
‘ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്’ എന്നെഴുതിയ ഫ്ലക്സ് നീക്കണമെന്നായിരുന്നു ആർ.എസ്.എസുകാരുടെ ഭീഷണി. പൊലീസ് സാന്നിധ്യത്തിലും ഭീഷണി സ്വരത്തിൽ ആർ.എസ്.എസുകാർ മുദ്രാവാക്യം വിളിച്ചു. എന്നാൽ, ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് തന്നെയാണെന്ന് നൂറുവട്ടം പറയുമെന്ന് പ്രസംഗം നടത്തുകയായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആവർത്തിച്ചു.
പരിപാടി അലങ്കോലമാക്കാൻ ശ്രമം തുടർന്നതോടെ പത്തോളം ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരിപാടിക്ക് നേരെ ആർ.എസ്.എസ് ആക്രമണം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ടൗണിൽ നേരത്തെ തന്നെ കനത്ത പൊലീസ് കാവൽ നേരത്തെ ഏർപ്പെടുത്തിയിരുന്നു. അഞ്ച് ജീപ്പിൽ പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു.