മാർ ഈവാനിയോസ് കോളജിൽ ആർ.എസ്.എസ് ആയുധ പരിശീലനം; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ
text_fieldsRepresentational Image
തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജ് ഗ്രൗണ്ട് ആർ.എസ്.എസ് പരിശീലനത്തിന് വിട്ടുനൽകിയതിനെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആർ.എസ്.എസിന്റെ പ്രവൃത്തികൾ തികച്ചും അപലപനീയവും ഭരണഘടനവിരുദ്ധവുമാണെന്ന് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
മാർ ഈവാനിയോസ് കോളജ് ഗ്രൗണ്ട് ആയുധ പരിശീലനത്തിന് വിട്ടുനൽകിയ നടപടി തീർത്തും വർഗീയതയും അക്രമവാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായതിനാൽ ആയുധപരിശീലനം അവസാനിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
മാർ ഈവാനിയോസ് കോളജ് ഗ്രൗണ്ട് വർഷങ്ങളായി രാഷ്ട്രീയ പരിപാടികൾക്കോ വിദ്യാർഥി രാഷ്ട്രീയ സംഘടനകൾക്കോ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്ന കോളജ് മാനേജ്മെന്റ് ഒരു സുപ്രഭാതത്തിൽ ആർ.എസ്.എസിന് തീറെഴുതിക്കൊടുത്ത നിലപാട് പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു കോളജ് യൂനിറ്റ് കമ്മിറ്റി അറിയിച്ചു.
ഏപ്രിൽ 18 മുതൽ മേയ് രണ്ടു വരെ ആർ.എസ്.എസ് പരിശീലനത്തിന് ഗ്രൗണ്ട് വിട്ടുനൽകിയപ്പോൾ ദുഃഖ വെള്ളിയാഴ്ച ആർ.എസ്.എസ് ക്യാമ്പ് നടക്കുമ്പോൾ ജയിൽ മോചിതനായ മഹേന്ദ്ര ഹെംബ്രാം ആരായിരുന്നു എന്നുകൂടി കോളജ് മാനേജ്മെന്റ് ഓർക്കുന്നത് നല്ലതായിരിക്കുമെന്നും കെ.എസ്.യു ചൂണ്ടിക്കാട്ടി.