എസ്. സതീഷ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി
text_fieldsകൊച്ചി∙ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്. സതീഷിനെ തെരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സതീഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് നിയമനം.
ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് എസ്.സതീഷ്. 45 തികയാത്ത സതീഷ് ജില്ലാ സെക്രട്ടറിയായി എത്തുന്നത് പാർട്ടിക്ക് യുവപ്രതിച്ഛായ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. കോതമംഗലം അയ്യങ്കാവ് സ്വദേശിയായ സതീഷ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സംസ്ഥാന സമിതി അംഗമായത്.
പന്ത്രണ്ടംഗ ജില്ലാ സെക്രട്ടേറിയറ്റിൽ രണ്ടുപേർ പുതുമുഖങ്ങളാണ്. എസ്.സതീഷ്, എം.പി.പത്രോസ്, പി.ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ. ഉണ്ണികൃഷ്ണൻ, സി.കെ. പരീത്, സി.ബി. ദേവദർശനൻ, ആർ. അനിൽ കുമാർ, ടി.സി. ഷിബു, പുഷ്പദാസ്, കെ.എസ്. അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. അരുൺ കുമാറും ഷാജി മുഹമ്മദുമാണ് പുതുമുഖങ്ങൾ.
പാർട്ടി ഏൽപ്പിച്ചിട്ടുള്ളത് വലിയ ഉത്തരവാദിത്തമാണെന്ന് സതീഷ് പ്രതികരിച്ചു. ജില്ലയിൽ പാർട്ടി കൈവരിച്ചിട്ടുള്ള ഐക്യം പ്രധാന കാര്യമായി കഴിഞ്ഞ എറണാകുളം ജില്ലാ സമ്മേളനം വിലയിരുത്തിയിരുന്നു. ഈ ഐക്യം കൂടുതൽ ശക്തിപ്പെടുത്തി ജനകീയ ബന്ധം പാർട്ടിക്ക് അനുകൂലമായി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും. പാർട്ടിക്ക് എറണാകുളം ജില്ലയിൽ സംഘടനാപരമായും രാഷ്ട്രീയപരമായും നല്ല അടിത്തറയുണ്ട്.
കൂടുതൽ ജനകീയ പാർട്ടിയാക്കി മാറ്റാനുള്ള ഉത്തരവാദിത്തമുണ്ട്. മുൻകാലങ്ങളിൽ നിലനിന്ന അനൈക്യം പാർട്ടിയുടെ മുന്നേറ്റത്തിന് തടസമായിട്ടുണ്ടെങ്കിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടലുകൾ കൊണ്ട് അതിൽ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.