ശാന്താനന്ദയുടെ വർഗീയ പ്രസംഗം: വെട്ടിലായി പന്തളം കൊട്ടാരവും
text_fieldsപന്തളം: പന്തളത്ത് സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി നടത്തിയ വർഗീയ പ്രസംഗത്തിൽ വെട്ടിലായി പന്തളം കൊട്ടാരവും. പന്തളം കൊട്ടാരം നിർവാഹകസംഘം മുൻപ്രസിഡന്റും നിലവിലെ കമ്മിറ്റി അംഗവുമായ പി.എൻ. നാരായണ വർമ്മയാണ് സംഗമത്തിന്റെ സ്വാഗത സംഘം ചെയർമാൻ. പൊതുസമ്മേളനത്തിൽ നാരായണ വർമ്മ ആയിരുന്നു അധ്യക്ഷൻ.
കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് ഈ മാസം 27 വരെ ആചാരപരമായ കാരണങ്ങളാൽ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് കൊട്ടാരം നിർവാഹ സംഘത്തിൻറെ അറിയിപ്പ് ഉണ്ടായിട്ടും പി.എൻ. നാരായണവർമ്മ പന്തളത്ത് നടന്ന സംഘപരിവാറിന്റെ സെമിനാറിലും വൈകിട്ടത്തെ പൊതുസമ്മേളനത്തിലും ആചാരങ്ങൾ ലംഘിച്ച് പങ്കെടുത്തതും വിവാദമായിരുന്നു. ഈ വേദിയിലാണ് ശാന്താനന്ദ വാവരെ മുസ്‍ലിം തീവ്രവാദിയായി ചിത്രീകരിച്ച് പ്രസംഗിച്ചത്.
പന്തളം കൊട്ടാരം വർഷങ്ങളായി പരിപാലിച്ചു പോന്ന മതേതര കാഴ്ചപ്പാടിന് വിരുദ്ധമായ പ്രസംഗമാണ് ശാന്താനന്ദ നടത്തിയതെന്നും ഇത് പന്തളം കൊട്ടാരത്തിന്റെ യശസ്സ് കുത്തനെ ഇടിക്കുന്നതാണെന്നും വിമർശനം ഉയരുന്നുണ്ട്. കേരളത്തിനകത്തും പുറത്തും പന്തളം കൊട്ടാരത്തിന് ഉണ്ടായിരുന്ന മതേതര സ്വീകാര്യതയാണ് സംഘപരിവാറിന്റെ പന്തളത്തെ സമ്മേളനത്തിൽ ശാന്താനന്ദയുടെ പ്രസംഗത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്.
കൂടാതെ, കൊട്ടാരം അംഗത്തിന്റെ മരണത്തെ തുടർന്ന് ആചാരപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിൻറെ ആഗോള അയ്യപ്പ സംഗമത്തിൽനിന്ന് പന്തളം കൊട്ടാരം വിട്ടുനിന്നത് പൊള്ളയായ നിലപാടാണെന്നും തെളിയുന്നതായി സംഘപരിവാർ വേദി പങ്കിട്ടത്.
ശാന്താനന്ദയുടെ വർഗീയ വിഷം ചീറ്റിയ പ്രസംഗത്തിനെതിരെ പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം ഇഴയുകയാണ്. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ശാന്താനന്ദക്കെതിരെ പന്തളം കൊട്ടാരം കുടുംബാംഗം എ.ആർ. പ്രദീപ വർമ്മയും കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ. വി.ആര്‍. അനൂപും അടക്കം പൊലീസിൽ പരാതിപ്പെട്ടിട്ടും മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ട്.
സംഗമത്തിൽ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയെങ്കിലും വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായും ആരോപണമുണ്ട്. സംഗമത്തിന്റെ പേരിൽ എം.സി റോഡിൽ മണിക്കൂറോളം ഗതാഗതം നിലച്ചിരുന്നു.