ദേവസ്വം ബോർഡിന്‍റെ പരിപാടിയിലും ഹൈന്ദവ സംഘടനകളുടെ സംഗമത്തിലും പങ്കെടുത്ത് തന്ത്രി; ശബരിമല സംരക്ഷണ സംഗമം നേട്ടമാകുമെന്ന പ്രതീക്ഷയിൽ സംഘാടകർ
text_fieldsശബരിമല സംരക്ഷണ സംഗമത്തിൽ വിളക്കുകൊളുത്തുന്ന തന്ത്രി കണ്ഠരര് മോഹനര്
പന്തളം (പത്തനംതിട്ട): ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ, പന്തളത്ത് ശബരിമല കർമസമിതി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലും തന്ത്രി കണ്ഠരര് മോഹനര് പങ്കെടുത്തു. കണ്ഠരര് മോഹനര്ക്കൊപ്പം മകൻ മഹേഷ് മോഹനരും പന്തളത്തെ പരിപാടിക്കെത്തി. അയ്യപ്പനെ രാഷ്ട്രീയവൽക്കരിക്കുന്നത് തടയാനായാണ് ഇരു സംഗമങ്ങളിലും തന്ത്രി പങ്കെടുത്തത്. പന്തളത്ത് എത്തിയത് വിശ്വാസികളാണെന്നും ശബരിമല സംരക്ഷണം ബഹുജന പങ്കാളിത്തത്തോടെ നടത്തുമെന്നും അയ്യപ്പനിൽ വിശ്വാസമുള്ളവരാണ് പന്തളത്ത് എത്തിയതെന്നുമാണ് സംഘാടകർ പറയുന്നത്.
സംസ്ഥാനത്തെ ബി.ജെ.പി ഉൾപ്പെടെ വിവിധ സംഘപരിവാർ സംഘടനകളിലെ പ്രവർത്തകരുടെ വൻനിരയാണ് പന്തളത്ത് എത്തിയത്. 2018ലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പന്തളത്ത് ഉണ്ടായ നാമജപ ഘോഷയാത്ര ബി.ജെ.പിക്ക് ഗുണം ചെയ്തിരുന്നു. തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരണം കൈയാളുന്ന ഏക നഗരസഭയാണ് പന്തളം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ പന്തളം കൊട്ടാരത്തിന്റെ സഹായത്തോടെ പന്തളത്ത് ദിവസങ്ങളോളം നിറഞ്ഞുനിന്നതാണ് ബിജെപി നഗരസഭയിൽ ഭരണത്തിൽ എത്താൻ പ്രധാന കാരണം.
അതേ തന്ത്രമാണ് സംഗമത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ദിവസങ്ങളായി ബി.ജെ.പിയുടെയും സംഘപരിവർ സംഘടനയുടെയും നേതാക്കന്മാർ പന്തളത്ത് തങ്ങി സംഗമത്തിന്റെ വിജയത്തിനായി സജീവമായി ഉണ്ടായിരുന്നു. ഒരു പരിധിവരെ പന്തളത്തെ സംഗമം വിജയിച്ചു എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സർക്കാറിന് നൽകുന്ന തിരിച്ചടിയായാണ് പന്തളത്തെ ശബരിമല കർമസമിതിയുടെ സംഗമത്തെ സംഘാടകർ കാണുന്നത്. കൂടുതൽ ജനത്തെ എത്തിക്കാനും വിവിധ വിഷയങ്ങളിൽ പ്രമുഖരെ അണുനിരത്താനും സംഘാടകർക്ക് കഴിഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ജി. രാമൻ നായർ ഉൾപ്പെടെയുള്ളവരെ സെമിനാറിൽ എത്തിക്കാൻ സംഘപരിവാറിനായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ, ഇത്തരം സെമിനാറുകൾ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തിൽ സന്യാസി പ്രമുഖരെയും പന്തളം കൊട്ടാരത്തെയും ഒപ്പം നിർത്താൻ കഴിഞ്ഞതും സംഘപരിവർ സംഘടനകൾ രാഷ്ട്രീയ നേട്ടമായാണ് കാണുന്നത്.