'പതിനെട്ടാം പടിയിൽ പൊലീസിന്റെ ബലപ്രയോഗം'; പരാതി ഉയർന്നതിന് പിന്നാലെ ഡ്യൂട്ടിയിൽ അടിമുടി മാറ്റം
text_fieldsശബരിമല : പതിനെട്ടാം പടിയിൽ പൊലീസിന്റെ ബലപ്രയോഗം എന്ന പരാതി ഉയർന്നതിന് പിന്നാലെ പടി ഡ്യൂട്ടിയിൽ അടിമുടി മാറ്റം. തീർഥാടക തിരക്ക് ഏറുന്ന സമയങ്ങളിൽ പടി ഡ്യൂട്ടിയുടെ ചുമതല ഇന്ത്യൻ റിസർവ് ബറ്റാലിയനെ ( ഐ. ആർ.ബി ) ഏൽപ്പിച്ചു. പൊലീസിന്റെ ഉന്തിലും തള്ളിലും പെട്ട് പതിനെട്ടാം പടിയിൽ വീണ് കട്ടികളും വയോധികരുമായ തീർഥാടകർക്ക് പക്കേൽക്കുന്നത് സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇടപെട്ട ശബരിമല സ്പെഷ്യൽ കമീഷണർ കെ. ജയകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്നാണ് അടിയന്തിര നടപടി.
ഐ.ആർ.ബിയിലെ 90 അംഗ സംഘത്തെയാണ് പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മണ്ഡലപൂജ വരെയുള്ള ദിനങ്ങളിൽ സന്നിധാനത്ത് തീർഥാടകരുടെ തിരക്ക് വർധിക്കുന്ന വേളകളിൽ ഐ.ആർ.ബി സംഘമാവും പടിയുടെ ചുമതല നിർവഹിക്കുക. പൊലീസിന്‍റെ രണ്ടാം ബാച്ചിൽ പടി ഡ്യൂട്ടിയുടെ ചുമതല ഐ.ആർ.ബി സംഘത്തിന് ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചുമതലയേറ്റ പുതിയ ബാച്ചിൽ ഐ.ആർ.ബി സംഘത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
പതിനെട്ടാം പടിയിൽ പൊലീസിന്റെ ബലപ്രയോഗം എന്ന തലക്കെട്ടിൽ മാധ്യമം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്ത
അഞ്ച് ദിവസങ്ങളിലായി ദർശനത്തിന് ലക്ഷത്തിനടുത്ത് തീർഥാടകർ പ്രതിദിനം എത്തിയിരുന്നു. പരിചയ സമ്പന്നരല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് ഈ ദിവസങ്ങളിൽ പതിനെട്ടാം പടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇതോടെ പടി കയറ്റത്തിന്റെ വേഗത കുറയുകയും തീർഥാടകരുടെ നിര ശരംകുത്തി വരെ നീളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പടികയറ്റം വേഗത്തിലാക്കാൻ പൊലീസ് ബലപ്രയോഗം ആരംഭിച്ചത്. ഇതേ തുടർന്നാണ് പതിനെട്ടാം പടിയിൽ പൊലീസ് ബലപ്രയോഗം നടത്തുന്നതായും മോശം ഭാഷ ഉപയോഗിക്കുന്നതായും ഉള്ള പരാതികൾ ഉയർന്നത്.