കൊടുമണിന് നറുക്ക് വീഴുമോ? ; പ്രതീക്ഷയിൽ ശബരിമല വിമാനത്താവള ആക്ഷൻ കമ്മിറ്റി
text_fieldsകൊടുമൺ: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ നിയമക്കുരുക്കിലായതോടെ കൊടുമൺ പ്ലാന്റേഷനിൽ വിമാനത്താവളമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാ ളിഞ്ഞിരിക്കുകയാണെന്ന് ശബരിമല വിമാനത്താവള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
സർക്കാർ ഇനിയെങ്കിലും യാഥാർഥ്യം ഉൾക്കൊണ്ട് ശബരിമല വിമാനത്താവളത്തിന് കൊടുമൺ പ്ലാന്റേഷൻ ഭൂമി തെരഞ്ഞെടുക്കണം. 2015 മുതൽ ശബരിമല തീർഥാടകർക്കായി ശബരി വിമാനത്താവളം എന്ന ആശയവുമായി സർക്കാർ മുന്നോട്ടുവന്നതാണ്. എന്നാൽ അന്നുമുതൽ നിയമക്കുരുക്കിലായി പദ്ധതി നീണ്ടു പോകുന്ന അവസ്ഥയാണ്. പത്തനംതിട്ട ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കിടക്കുമ്പോൾ കോടികൾ മുടക്കി ചെറുവള്ളിയിലെ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
കൊടുമൺ പ്ലാന്റേഷൻ ഭൂമി എല്ലാം കൊണ്ടും ശബരി വിമാനത്താവളത്തിന് അനുയോജ്യമാണ്. ഹൈകോടതി ഈ സ്ഥലം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനായി സർക്കാർ ഒരു ശ്രമവും നടത്തുന്നില്ല.
പരിസ്ഥിതി ഭീഷണിയില്ലാത്ത, പ്രധാന റോഡുകളുടെ അരികിലായി കിടക്കുന്ന ഈ ഭൂമി വിമാനത്താവളത്തിനായി ഉപയോഗപ്പെടുത്താൻ കഴിയും. സ്ഥലം ഏറ്റെടുക്കൽ വിഷയങ്ങളോ കുടിയൊഴിപ്പിക്കലോ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന പ്രശ്നങ്ങളോ ഇവിടെ ഉണ്ടാകുന്നില്ല. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണന്നിരിക്കെ സർക്കാർ പദ്ധതി ഇവിടെ വരാതിരിക്കാൻ നീക്കം നടത്തുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
പ്ലാന്റേഷൻ കോർപറേഷൻ ഇപ്പോൾ തന്നെ വലിയ നഷ്ടത്തിലാണ്. ഇതു മറികടക്കാൻ വ്യത്യസ്ത കൃഷി രീതികൾ പരീക്ഷിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.
ഈ യാഥാർഥ്യം ഉൾക്കൊണ്ട് സർക്കാർ പ്ലാന്റേഷൻ ഭൂമിയിൽ പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കണം. ചെയർമാൻ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനു ദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. അടൂർ നഗരസഭ കൗൺസിലർ ബിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം അജികുമാർ രണ്ടാംകുറ്റി, സുരേഷ് കുഴുവേലി, എ. വിജയൻനായർ, വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തുംകരോട്ട്, വിനോദ് വാസുക്കുറുപ്പ്, ടി. തുളസീധരൻ, ആർ. പത്മകുമാർ, സച്ചു രാധാകൃഷ്ണൻ, വി.കെ. സ്റ്റാൻ ലി, രാജൻ സുലൈമാൻ എന്നിവർ സംസാരിച്ചു.


