Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല കൊടിമര നിർമാണം:...

ശബരിമല കൊടിമര നിർമാണം: മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴിയെടുത്തു

text_fields
bookmark_border
ശബരിമല കൊടിമര നിർമാണം: മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴിയെടുത്തു
cancel

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി നടന്മാരായ മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. മോഹൻലാലിന്‍റെ മൊഴി തിരുവനന്തപുരത്തും ദിലീപിന്‍റേത് കൊച്ചിയിലുമാണ് രേഖപ്പെടുത്തിയത്. ശബരിമല സ്വർണക്കൊടിമര നിർമാണത്തിന് എത്ര സ്വർണം സംഭാവന നൽകിയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. സിനിമാരംഗത്തെ പ്രമുഖരും വ്യവസായികളുമടക്കം സ്വർണം നൽകിയ 27 പേരുടെ പട്ടികയാണുള്ളത്. ഇതിലുള്ള 23 പേരുടെ മൊഴി ഇതുവരെ വിജിലൻസ് രേഖപ്പെടുത്തി. ഇനി നാലുപേരുടേത് ഉടൻ രേഖപ്പെടുത്തുമെന്നും വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി.

സ്വർണം സംഭാവന നൽകിയതായി മോഹൻലാലും ദിലീപും പറഞ്ഞതായാണ് വിവരം. സ്വർണം നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്നും തിരുവനന്തപുരത്തെ ജ്വല്ലലറിയിൽനിന്ന് രണ്ടു പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചെന്നും മോഹൻലാലിന്‍റെ മൊഴിയിൽ പറയുന്നു. നേരത്തെ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി, ചലച്ചിത്ര പ്രവർത്തകരായ രഞ്ജിപണിക്കർ, സുരേഷ്കുമാർ, ഷാജി കൈലാസ് ഉൾപ്പെടെയുള്ളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാണയരൂപത്തിലാണ് സ്വർണം കൈമാറിയതെന്ന മൊഴിയാണ് ഭൂരിപക്ഷം പേരും നൽകിയത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കമാണ് വിജിലൻസ് പ്രത്യേക സംഘം നടത്തുന്നത്. യു.ഡി.എഫ് അനുകൂല ദേവസ്വം ബോർഡിന്‍റെ കാലത്ത് നടന്ന സംഭവമായതിനാൽ ഈ അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണവും ശക്തമാണ്. 2017ലാണ് കൊടിമര പുനർനിർമാണ നടപടികൾ തുടങ്ങിയത്. എന്നാൽ, ഇതിന് മേൽനോട്ടം വഹിച്ച അഭിഭാഷക കമീഷൻ എ.എസ്.പി. കുറുപ്പ് ചട്ടം ലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. സ്വർണം സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. കൊടിമരം മാറ്റി സ്ഥാപിച്ചപ്പോള്‍ ഹൈകോടതിയാണ് അഭിഭാഷക കമീഷനെ നിയോഗിച്ചത്. ഫീനീക്സ് ഗ്രൂപ്പാണ് കൊടിമരം സ്ഥാപിക്കാൻ മൂന്നുകോടി രൂപ നൽകിയത്.

ഇതുകൂടാതെ ഭക്തരിൽനിന്നും സ്വർണം സ്വീകരിക്കാൻ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ, സ്വർണം സ്വീകരിക്കേണ്ടിയിരുന്നത് എക്സിക്യൂട്ടിവ് ഓഫിസറാണ്. പക്ഷേ, അഭിഭാഷക കമീഷൻ എ.എസ്.പി കുറുപ്പാണ് പലരിൽനിന്നും സ്വർണം വാങ്ങിയത്. മാത്രമല്ല, ഒരു ഭക്തൻ എന്നും മറ്റു ചിലയിടത്ത് ചിലരുടെ പേരുകളും മാത്രമാണ് രേഖപ്പെടുത്തിയത്. ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ 27 പേരുകൾ കുറുപ്പ് പറഞ്ഞിരുന്നു.

9573.01 ഗ്രാം സ്വർണമാണ് ആകെ കിട്ടിയത്. 9340.200 ഗ്രാം കൊടിമരത്തിൽ പൂശിയശേഷം ബാക്കി സ്വർണം എന്തുചെയ്തെന്ന കാര്യത്തിൽ വ്യക്തവരുത്താൻ അന്വേഷണം വേണമെന്നായിരുന്നു ദേവസ്വം വിജിലൻസ് എസ്.പി.സുനിലിന്‍റെ റിപ്പോർട്ട്. സമാന കണ്ടെത്തലുമായി എസ്.ഐ.ടിയും റിപ്പോർട്ട് നൽകി. ബാക്കി സ്വർണം താഴികക്കുടത്തിൽ പൂശാൻ ഉപയോഗിച്ചെന്നാണ് അഭിഭാഷക കമീഷൻ ഹൈകോടതിയെ അറിയിച്ചത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണത്തിന് കോടതി വിജിലൻസിന് നിർദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേകസംഘം രൂപവത്കരിച്ച് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തുന്നത്.

Show Full Article
TAGS:Sabarimala Mohanlal Actor Dileep 
News Summary - Sabarimala flagpole construction: Statements taken from Mohanlal and Dileep
Next Story