ശബരിമല സ്വർണക്കൊള്ള മോഷ്ടിച്ച സ്വർണം എത്ര; ശാസ്ത്രീയ പരിശോധനാഫലം ഈയാഴ്ച
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമാകുന്ന, സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാഫലം ഈയാഴ്ച വരും. സ്വർണനഷ്ടം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതിലൂടെ ലഭിക്കും. സ്വർണപ്പാളികൾ ചെമ്പാക്കിയ ഗൂഢാലോചനയും ഇതിലൂടെ തെളിയിക്കപ്പെടുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) പ്രതീക്ഷ.
അതേസമയം, കേസിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈകോടതി നിർദേശത്തെ തുടർന്നാണ് നടപടി. തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലെ ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാർ എന്നിവരെയും വൈകാതെ ചോദ്യം ചെയ്യും.
കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എ. പത്മകുമാറിലും എൻ. വാസുവിലും കേന്ദ്രീകരിച്ച് അന്വേഷണം അവസാനിപ്പാക്കാൻ നീക്കം നടക്കുന്നെന്ന ആരോപണം ശക്തമാണ്.-


