കട്ടിളയിലെ സ്വർണകവർച്ച കേസിൽ അറസ്റ്റില്ല; പോറ്റിയുടെ അറസ്റ്റ് ഒറ്റക്കേസിൽ
text_fieldsപത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ദ്വാരപാലക ശിൽപ പാളിയിലെ സ്വർണ കവർച്ച കേസിൽ മാത്രം. കട്ടിളയിലെ സ്വർണ കവർച്ച അടക്കം രണ്ട് എഫ്.ഐ.ആറുകൾ ഉണ്ടെങ്കിലും രണ്ടാംകേസിൽ പോറ്റിയുടെ അറസ്റ്റ് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ കസ്റ്റഡി കാലാവധി പൂർത്തിയായശേഷമാകും അടുത്ത അറസ്റ്റെന്നാണ് വിവരം. ഈ കേസിൽ പോറ്റിയുടെ അറസ്റ്റുണ്ടായാൽ ദേവസ്വം ബോർഡിന്‍റെ പങ്കിലേക്കും അന്വേഷണം നീളും. ദ്വാരപാലക ശിൽപപാളി കേസിൽ 10 പ്രതികളും കട്ടിളക്കേസിൽ എട്ട് പ്രതികളുമാണുള്ളത്.
കട്ടിളയിലെ സ്വർണകവർച്ചയിൽ എട്ടാംപ്രതി ദേവസ്വം ബോർഡാണ്. എ. പത്മകുമാർ പ്രസിഡന്‍റും കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവർ ബോർഡ് അംഗങ്ങളുമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിള കൈമാറാനുള്ള ദേവസ്വംബോർഡ് ഉത്തരവിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അന്നത്തെ ഭരണസമിതി അംഗങ്ങളുടെ അറിവോടെയാണെന്ന് കണ്ടെത്തിയതോടെയാണ് ദേവസ്വം ബോർഡിനെയും ഏട്ടാംപ്രതിയായി ചേർത്തത്.
നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായ കേസിൽ 2019ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബു, എക്സിക്യുട്ടീവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസി. എൻജിനീയർ കെ. സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ, തിരുവാഭരണം കമീഷണർമാരായ കെ.എസ്. ബൈജു, ആർ.ജി. രാധാകൃഷ്ണൻ, പാളികൾ തിരികെ ഘടിപ്പിച്ചപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ. രാജേന്ദ്രൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.


