സ്വർണക്കൊള്ള: മുൻ ദേവസ്വം ഭരണസമിതിയെ ഉന്നമിട്ട് അന്വേഷണസംഘം
text_fieldsഎ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു അറസ്റ്റിലായതിന് പിന്നാലെ 2019ലെ ദേവസ്വം ഭരണസമിതിയെ ഉന്നമിട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). ദേവസ്വം പ്രസിഡന്‍റായിരുന്ന സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാറിനോട് കട്ടിളപ്പടിയിലെ സ്വർണക്കവർച്ചക്കേസിൽ ഹാജരാകാൻ എസ്.ഐ.ടി നോട്ടീസ് നൽകി. എന്നാൽ പത്മകുമാർ സമയം നീട്ടി ചോദിച്ചു. അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പത്മകുമാർ അറിയിച്ചിരിക്കുന്നത്.
കേസിൽ എട്ടാം പ്രതിയാണ് പത്മകുമാറും കെ.ടി. ശങ്കർദാസും പാലവിള എൻ. വിജയകുമാറും അടങ്ങുന്ന 2019ലെ ദേവസ്വം ബോർഡ് ഭരണസമിതി. വാസുവിനെ കൂടാതെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, അഞ്ചാം പ്രതി എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാർ, ആറാം പ്രതി അഡ്മിനിട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ഏഴാം പ്രതി തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇനി അറസ്റ്റിലാകാനുള്ളത് സ്മാർട്ട് ക്രിയേഷൻസിൽനിന്ന് പാളികൾ ഉരുക്കിയെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്കായി കൈപ്പറ്റിയ കൽപേഷും സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന 2019ലെ അസി. എൻജിനീയർ കെ. സുനിൽ കുമാറും 2019ലെ ദേവസ്വം ഭരണസമിതി ഭാരവാഹികളുമാണ്.
അറസ്റ്റിലായ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിനും പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കും കുരുക്കായിട്ടുള്ളത്.
‘വാസു ഗൂഢാലോചനയിൽ പങ്കെടുത്തു’
പത്തനംതിട്ട: ഇതര പ്രതികളുമായി ഗൂഢാലോചനയിൽ പങ്കെടുത്തെന്നതടക്കം ഗുരുതര കണ്ടെത്തലുകളുമായി, ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമീഷണറും മുൻ പ്രസിഡന്‍റുമായ എൻ. വാസുവിനെതിരെ അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിമാൻഡ് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ എന്നിവ തെളിഞ്ഞതായി എസ്.ഐ.ടി വ്യക്തമാക്കി. വാസുവിന്റെ നിർദേശപ്രകാരമാണ് ഔദ്യോഗിക രേഖകളിൽ തിരിമറി നടന്നത്. രേഖകളിൽ ഉണ്ടായിരുന്ന ‘സ്വർണം പൊതിഞ്ഞ പാളികൾ’ എന്ന ഭാഗം ഒഴിവാക്കി, പകരം ‘ചെമ്പ് പാളികൾ’ എന്ന് എഴുതിച്ചേർത്തു.
സ്വർണപ്പാളികൾ ഉണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടൽ നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോർഡിന് നഷ്ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വാസുവിനെതിരായ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. കേസിൽ മുൻ എക്‌സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിനെതിരെ നിർണായകമായതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 14 ദിവസത്തേക്കാണ് ശബരിമല കട്ടിളപ്പാളി കേസിൽ എൻ. വാസുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്ന് തന്നെ ക്ഷേത്രത്തിന്റെ മുതലുകൾ ദുരുപയോഗംചെയ്ത് അനേകലക്ഷം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.


