സ്വർണപ്പാളി; ശാസ്ത്രീയപരിശോധനക്ക് എസ്.ഐ.ടി
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുടെ വ്യാപ്തി കണ്ടെത്താൻ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണസംഘം. വെള്ളിയാഴ്ചക്ക് മുമ്പ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
2019 ജൂലൈ 19ന് ദ്വാരകപാലക ശിൽപത്തിൽനിന്ന് പാളികൾ അഴിച്ചുമാറ്റി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ഭാരം 42.800 കിലോ ആയിരുന്നു. ഇതിൽ ദ്വാരപാലകരുടെ 12 പാളികളിലെ ഭാരം 25.400 കിലോയും. ആഗസ്റ്റ് 29ന് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിയപ്പോൾ 38.2581 കിലോയായും 12 പാളികളിലെ ഭാരം 22.5453 കിലോയായും കുറഞ്ഞതായാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്.
തെക്ക്-വടക്ക് മൂലകളിലെ രണ്ട് പാളികൾകൂടി സ്വർണം പൂശാനെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിരുന്നു. രണ്ട് പാളികളുടെയും ഭാരം 17.400 കിലോ ആയിരുന്നു. സ്മാർട്ട് ക്രിയേഷൻസിന് കൈമറുമ്പോൾ അത് 15.7128 കിലോ ആയി. സ്വർണശോഷണം ശാസ്ത്രീയമായി ഉറപ്പിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. പ്രതികളെ ചോദ്യംചെയ്യാനുള്ള നടപടികൾ പൂർത്തിയായി. വരുംദിവസങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ ദേവസ്വം ബോർഡ് അംഗങ്ങളെയും നോട്ടീസ് നൽകി വിളിച്ചുവരുത്തും.
മൂന്ന് സംഘമായാണ് അന്വേഷണം. തൃശൂർ പൊലീസ് അക്കാദമി അസി. ഡയറക്ടർ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം രേഖകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് സന്നിധാനത്താണ്. മറ്റൊരു സംഘം സ്മാർട്ട് ക്രിയേഷൻസിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇവിടെനിന്ന് പോറ്റിക്കായി സ്വർണം ഏറ്റുവാങ്ങിയ ഹൈദരാബാദുകാരൻ കൽപേഷിനായി അന്വേഷണം ആരംഭിച്ചു. പോറ്റിയുടെ സുഹൃത്തും ഹൈദരാബാദ് സ്വദേശിയും സ്വർണപ്പണിക്കാരനുമായ നാഗേഷിനെയും ചോദ്യംചെയ്യും.
ശബരിമലയിൽനിന്ന് ഇളക്കിയമാറ്റിയ സ്വർണപ്പാളികൾ നാഗേഷിന്റെ നേതൃത്വത്തിലാണ് ഹൈദരാബാദിൽനിന്ന് ചെമ്പുപാളിയായി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. ഈ കാലയളവിൽ സ്വർണം അപഹരിച്ചെന്നാണ് സംശയം.
വാതിലിന്റെയും ദ്വാരപാലക ശിൽപങ്ങളിലെയും പാളികളിലുണ്ടായിരുന്ന സ്വർണം ഉരുക്കിയെടുത്തശേഷം പൂശലിന് ഉപയോഗിച്ച സ്വർണവും പണിക്കൂലിയിനത്തിൽ ഈടാക്കിയ സ്വർണവും കഴിച്ച് 474.9 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷിനെ ഏൽപ്പിച്ചെന്നാണ് സ്മാർട്ട് ക്രിയേഷൻസ് ദേവസ്വം വിജിലൻസിന് നൽകിയ മൊഴി. ഇത് അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല.
എഫ്.ഐ.ആർ സമർപ്പിച്ചു
പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചയിൽ പ്രത്യേക അന്വേഷണസംഘം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ദ്വാരപാലക ശിൽപപാളിയിലെ സ്വർണക്കവർച്ച, കട്ടിളയിലെ സ്വർണക്കവർച്ച എന്നിങ്ങനെ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഈ രണ്ട് എഫ്.ഐ.ആറുകളും തിങ്കളാഴ്ച ശബരിമലയുടെ നിയമപരിധിയിലുള്ള റാന്നി കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. ദ്വാരപാലക ശിൽപപാളി സ്വർണക്കവർച്ചയിൽ 10 പ്രതികളും കട്ടിള അട്ടിമറിയിൽ എട്ട് പ്രതികളുമാണുള്ളത്. ഇരു എഫ്.ഐ.ആറുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാംപ്രതി. ശ്രീകോവിൽ വാതിൽ കട്ടിളയിലെ സ്വർണം നഷ്ടമായ കേസിൽ 2019ലെ ദേവസ്വം ബോർഡ് എട്ടാം പ്രതിയാണ്. ഇതിന്റെ തുടർച്ചയായി പ്രതികളെ നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദേവസ്വം ഉദ്യോഗസ്ഥരെയടക്കം ചോദ്യംചെയ്തശേഷമാകും ദേവസ്വം ബോർഡ് അംഗങ്ങൾക്ക് നോട്ടീസ് കൈമാറുകയെന്നാണ് വിവരം.
നഷ്ടപ്പെട്ട സ്വർണമടക്കം കണ്ടെടുത്തശേഷം അടുത്ത ഘട്ടത്തിൽ കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നാണ് സൂചന. അന്വേഷണത്തിൽ ഇരുകേസുകളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ ഒരു കേസാക്കി അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.


