ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി; കൂടുതൽ അറസ്റ്റ് ഉടൻ
text_fieldsഎ. പത്മകുമാർ
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് നടപടി. സംഭവ സമയം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന്റെ പങ്ക് നിർണായകമാണെന്നും പോറ്റിക്കും പത്മകുമാറിനും തുല്യ പങ്കുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, എസ്.ഐ.ടി പോറ്റിയെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാൻ സാധ്യതയുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ എസ്.ഐ.ടി അടുത്ത ദിവസം സമർപ്പിക്കുമെന്നാണ് സൂചന. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും തിരുവാഭരണം കമീഷണറുമായിരുന്ന എസ്. ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹരജികൾ ഹൈകോടതി തള്ളിയ സാഹചര്യത്തിൽ ഉടൻ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ 15ന് വിധി പറയും. കേസിന്റെ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിൽ 17നാണ് വാദം കേൾക്കുക.


