Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണക്കവർച്ച;...

ശബരിമല സ്വർണക്കവർച്ച; സി.പി.എമ്മിനെയും സർക്കാറിനെയും ഉന്നംവെച്ച് കോൺഗ്രസ്

text_fields
bookmark_border
ശബരിമല സ്വർണക്കവർച്ച; സി.പി.എമ്മിനെയും സർക്കാറിനെയും ഉന്നംവെച്ച് കോൺഗ്രസ്
cancel
Listen to this Article

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ സി.പി.എമ്മിനെയും സർക്കാറിനെയും ഉന്നമിട്ട് കോൺഗ്രസ്. ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്തെത്തി. തെളിവുകൾ തന്‍റെ പക്കലുണ്ടെന്ന് പ്രഖ്യാപിച്ചാണ് കടകംപള്ളിക്കെതിരായ നീക്കത്തിന് മൂർച്ച കൂട്ടിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ഏതാനും ഉദ്യോഗസ്ഥരുടെയും ചുമലിൽ കെട്ടിവെച്ച് തലയൂരാനുള്ള സർക്കാർ നീക്കം തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം ഒരു മുഴം മുന്നേ നീങ്ങുന്നത്. സർക്കാറിന്‍റെ കണ്ണുവെട്ടിച്ച് നടന്ന കൃത്യങ്ങളായി സ്വർണമോഷണത്തെ അവതരിപ്പിക്കാൻ സി.പി.എം വിയർക്കുമ്പോൾ ഇതിലെല്ലാം പാർട്ടിക്കും സർക്കാറിനും കൂട്ടുത്തരവാദിത്തമാണെന്ന് സ്ഥാപിക്കാനാണ് പ്രതിപക്ഷ നീക്കം. ഒരു ഭാഗത്ത് ശബരിമലയിലെ ആചാരലംഘനത്തിനെതിരെയും വിശ്വാസസംരക്ഷണത്തിനായും കോൺഗ്രസ് മേഖല ജാഥകൾ പന്തളത്ത് മഹാസംഗമത്തിന് തയ്യാറെടുക്കുമ്പോഴാണ് മറുഭാഗത്ത് പോറ്റിയുടെ അറസ്റ്റ് ചൂണ്ടിക്കാട്ടി സർക്കാറിനെ കുരുക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങൾ.

2019ല്‍ നടന്ന സംഭവത്തെ കുറിച്ച് 2022ല്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും അറിവുണ്ടായിരുന്നുവെന്നതാണ് സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം പിടിവള്ളിയാക്കുന്നത്. തെളിവുകളെല്ലാം മുന്നിലുള്ളപ്പോഴും സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഒരു ക്രിമിനല്‍ നടപടിക്രമങ്ങളും സ്വീകരിക്കാതെ സ്വര്‍ണ മോഷണം മറച്ചുവെച്ചു. മാത്രമല്ല, മഹസര്‍ അനുസരിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്തു എന്നു ബോധ്യമായിട്ടും അതേ സ്‌പോണ്‍സറെ തന്നെ 2025ല്‍ സ്വര്‍ണം പൂശാൻ വേണ്ടി വീണ്ടും വിളിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് ഉത്തരവാദിയെങ്കില്‍ 2019ലെയും 2022ലെയും മഹസര്‍ അനുസരിച്ച് അയാള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും സർക്കാറിനെ പൊള്ളിക്കുന്നു. ഫലത്തിൽ പോറ്റിയുടെ അറസ്റ്റ് ബോർഡിനും സർക്കാറിനുമുള്ള കുറ്റപത്രം കൂടിയാണെന്നാണ് പ്രതിപക്ഷ വാദം.

Show Full Article
TAGS:Unnikrishnan Potty Sabarimala Gold Missing Row Latest News Kerala News 
News Summary - Sabarimala gold theft; Congress targets CPM and government
Next Story