ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും
text_fieldsപത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടിവ് ഓഫിസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് റിമാൻഡിലുള്ള ഇരുവരെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞദിവസം ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഇതിനൊപ്പം ഇവരെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇവർക്കൊപ്പം സന്നിധാനത്ത് എത്തിക്കുമെന്നാണ് വിവരം.
അതിനിടെ, മുരാരി ബാബു റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയും പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. നേരത്തേ മുൻകൂർ ജാമ്യാപേക്ഷയുമായി ഇവർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കേസിൽ ആറാം പ്രതിയായ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതിയാണ് തള്ളിയത്.
ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. സന്നിധാനത്തെത്തിയ പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ചുനൽകിയ ശ്രീകോവിൽ വാതിൽ പരിശോധിക്കുകയും അളവുകൾ രേഖപ്പെടുത്തുകയും ചെയ്തു. 2017 മുതൽ ശബരിമലയിൽ ജോലിചെയ്ത ജീവനക്കാരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വിലാസം, ഫോൺ നമ്പറുകൾ, പാൻ നമ്പർ എന്നിവയാണ് ശേഖരിച്ചത്. ഇവരിൽ ചിലർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തെന്ന സൂചനകളെത്തുടർന്നാണ് വിവരശേഖരണം.
സന്നിധാനത്ത് പരിശോധന നടത്തിയ സംഘം വിവിധ രേഖകളും ശേഖരിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണസംഘം വ്യാഴാഴ്ച വൈകീട്ട് മടങ്ങി.


