ശബരിമല: നിയമസഭയിൽ ഭരണപക്ഷത്തിന് പൊള്ളൽ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണ വിവാദത്തിൽ ഹൈകോടതിയുടെ ഗുരുതര പരാമർശവും പിന്നാലെ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം തുടരുന്ന പ്രതിഷേധങ്ങളും ഭരണപക്ഷത്തിന്റെ കൈപൊള്ളിക്കുന്നു. കോടതി പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച അനുവദിക്കാനാകില്ലെന്ന ന്യായം പറഞ്ഞ് നേരത്തെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സർക്കാർ, പക്ഷേ തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ‘നോട്ടീസ് നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്ന്’ മലക്കം മറിയുകയും ചെയ്തു.
പ്രതിപക്ഷത്തിന് ചർച്ച ഭയമാണെന്ന് പറയുമ്പോഴും ശബരിമല വിവാദങ്ങൾ ചർച്ചയാകുന്നത് ഭരണപക്ഷത്തിനാണ് ഇപ്പോൾ ഉള്ളിടിയാകുന്നത്. ഹൈകോടതി വിധിയിലെ ഗുരുതര പരാമർശങ്ങൾ കൂടി പ്രതിപക്ഷം സഭയിൽ ആയുധമാക്കിയതോടെ സർക്കാർ കൂടുതൽ സമ്മർദത്തിലുമാണ്. ആരോപണങ്ങൾ പ്രതിരോധിക്കാൻ മന്ത്രി എം.ബി രാജേഷിനൊപ്പം കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളെ കണ്ടെങ്കിലും ചോദ്യങ്ങൾ പലതിനും കൃത്യമായ മറുപടിയുണ്ടായില്ല.
സർക്കാറിന് ഉത്തരവാദിത്തമില്ലെന്നും ദേവസ്വം ബോർഡിനാണ് അധികാരമെന്നും പറഞ്ഞുവെച്ച മന്ത്രി, ഒടുവിൽ 2019ൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് സമ്മതിക്കുന്നതിലേക്കും കാര്യങ്ങളെത്തി. പ്രതിപക്ഷം പുക മറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ച് മന്ത്രി സ്വയം പ്രതിരോധമണിയുമ്പോൾ തന്നെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഹൈകോടതി നടപടി സ്വാഗതം ചെയ്യുകയും ചെയ്തു.
സാധാരണ ഇത്തരം കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെടുകയാണ് പതിവ്. എന്നാൽ, ഈ വിഷയത്തിൽ കോടതി തന്നെ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. വിവാദത്തിൽ കോടതി പോലും സർക്കാറിനെ വിശ്വസത്തിലെടുക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. ചോദ്യോത്തര വേള സ്തംഭിപ്പിക്കുന്നത് മുൻനിർത്തി പ്രതിപക്ഷത്തിന് നേരെ ചോദ്യങ്ങളുന്നയിക്കുമ്പോഴും പഴയ കാല ചെയ്തികൾ തിരിഞ്ഞുകൊത്തുന്നുവെന്ന ധാർമ്മിക പ്രതിസന്ധിയുമുണ്ട്.
മന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ ബാർകോഴ വിഷയത്തിൽ എൽ.ഡി.എഫ് നടത്തിയ പരിധിവിട്ട സമരം ഓർമ്മപ്പെടുത്തിയാണ് പ്രതിപക്ഷത്തിന്റെ മറുപടി. മര്യാദ വേണമെന്ന് പ്രതിപക്ഷത്തെ ഉപദേശിച്ച മന്ത്രി വി.ശിവൻകുട്ടിയോട് ‘പഴയകാലം’ ഓർമപ്പെടുത്തിയാണ് സതീശൻ പ്രതികരിച്ചത്. മാത്രമല്ല, ഉമ്മൻചാണ്ടി സർക്കാർ കാലത്ത് ആറുവട്ടം ചോദ്യോത്തര വേള തടസ്സപ്പെടുത്തിയതിന്റെ തെളിവും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.


