ശബരിമല മുറിവ് പെട്ടെന്ന് മാറില്ല -സർക്കാറിനെതിരെ വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സംഘർഷകാലം വിശ്വാസികളുടെ മനസ്സുകളിൽ ഏൽപ്പിച്ച മുറിവിന്റെ നീറ്റൽ അത്ര പെട്ടെന്ന് മാറില്ലെന്ന് എസ്.എൻ.ഡി.പി യോഗം മുഖപത്രമായ ‘യോഗനാദം’ ദ്വൈവാരികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി ആരോപിച്ചു. ‘അയ്യപ്പസംഗമം മാതൃകയാകട്ടെ’ എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
അയ്യപ്പ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്നുതന്നെയാണ് അന്നും ഇന്നും എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട്. സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന പേരിൽ സംസ്ഥാന സർക്കാരിലെയും സി.പി.എമ്മിലെയും ചിലരുടെ തീരുമാനങ്ങൾ പിഴച്ചെന്ന ആക്ഷേപം ജനങ്ങൾക്കിടയിലുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാറിനോ പാർട്ടിക്കോ പഴയ നിലപാട് ഇല്ലെന്നാണ് അവരുടെ സമീപനങ്ങളിലൂടെ മനസ്സിലാകുന്നത്.
സർക്കാർ രൂപവത്കരിച്ച നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻകൂടിയായ വെള്ളാപ്പള്ളി മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാറിനെ വിമർശിക്കുന്നെങ്കിലും അയ്യപ്പസംഗമത്തിന് പൂർണ പിന്തുണ വെള്ളാപ്പള്ളി നൽകുന്നു.