Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്വേഷ...

വിദ്വേഷ വര്‍ത്തമാനക്കാരോട് അകലം പാലിക്കാം, മനുഷ്യര്‍ അകന്ന് നില്‍ക്കാനുള്ളതിനേക്കാള്‍ വലിയ കാരണങ്ങള്‍ ചേര്‍ന്ന് നില്‍ക്കാനുണ്ട്; സാദിഖലി ശിഹാബ് തങ്ങൾ

text_fields
bookmark_border
Panakkad Sadik Ali Shihab Thangal sharing a message on communal harmony and avoiding hate speech
cancel

മലപ്പുറം : ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍, ആ ഭിന്നതകളിൽ നിന്ന് ലാഭം കൊയ്യാൻ ചില ശക്തികൾ കാത്തിരിക്കുന്നുവെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിലെ സമകാലിക വിവാദങ്ങളും അതിനെ തുടർന്ന് സമൂഹത്തിൽ വളരുന്ന വിദ്വേഷ പ്രചാരണങ്ങളും മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വർഷങ്ങളായുള്ള പോരാട്ടങ്ങളിലൂടെയും ഒത്തൊരുമയിലൂടെയും ഒരു ജനതയെന്ന നിലയിൽ നാം നേടിയെടുത്ത സാംസ്കാരിക പൈതൃകത്തിന് വിള്ളലേൽപ്പിക്കുന്ന രീതിയിലാണ് ഇന്നത്തെ ചർച്ചകൾ മുന്നോട്ട് പോകുന്നത്.

സാമൂഹ്യമാധ്യമങ്ങളിലെ കമന്റുകളിലും മറ്റും നിറയുന്ന മതം പറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ സംഭാഷണങ്ങളും ആർക്കും ഒരു ഗുണവും ഉണ്ടാക്കില്ലെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി. ആശയപരമായ സംഘട്ടനങ്ങൾ ഉണ്ടാകേണ്ടത് ചെളിവാരിയെറിയലുകൾ കൊണ്ടല്ല, മറിച്ച് പരസ്പര ബഹുമാനത്തിലൂന്നിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലൂടെയാണ്. മനുഷ്യർ തമ്മിൽ അകന്നുനിൽക്കുന്നതിനേക്കാൾ വലിയ കാരണങ്ങൾ നമ്മെ ചേർത്തുനിർത്താനുണ്ട്. നാടിന്റെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കുമായി നിർമ്മാണാത്മകമായ പ്രവർത്തനങ്ങൾ നടക്കേണ്ട സമയത്ത് ഇത്തരം പോരട്ടങ്ങൾ ഒട്ടും ആശാവഹമല്ല. അതിനാൽ, വിദ്വേഷം പ്രചരിപ്പിക്കുന്നവരിൽ നിന്ന് അകലം പാലിച്ചും അതിനെ പ്രതിരോധിച്ചും, പരമാവധി അടുത്തുനിൽക്കാനും ഐക്യത്തോടെ മുന്നോട്ടുപോകാനും ഏവരും തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

കൊമ്പുകോര്‍ക്കുന്ന മാനുകളുടെയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ നമുക്ക് അധ്യാപകര്‍ പറഞ്ഞുതന്നത് വലിയൊരു പാഠം പഠിപ്പിക്കാനായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ ചിലര്‍ കാത്തിരിക്കുന്നുവെന്ന പാഠം. കേരളത്തിലെ സമകാലിക വിവാദങ്ങളും അതിനെ ചുറ്റിപ്പറ്റി സമൂഹത്തില്‍ പ്രസരിക്കുന്ന വെറുപ്പും കാണുമ്പോള്‍ ആ കഥയാണ് വീണ്ടും മനസ്സിലേക്ക് വരുന്നത്.

വര്‍ഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനതയെന്ന നിലയില്‍ നാം നേടിയെടുത്ത സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ചര്‍ച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കമന്റുകളിലും നിറയുന്ന മതംപറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വര്‍ത്തമാനങ്ങളും ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നതല്ല. ആശയപരമായ സംഘട്ടനം നടക്കേണ്ടത് ഇത്തരം ചെളിവാരിയെറിയലുകള്‍കൊണ്ടല്ല, പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദത്തിലൂടെയാണ്.

ഒന്നോര്‍ക്കുക, മനുഷ്യര്‍ തമ്മില്‍ അകന്ന് നില്‍ക്കാനുള്ളതിനേക്കാള്‍ വലിയ കാരണങ്ങള്‍ ചേര്‍ന്ന് നില്‍ക്കാനുണ്ട്. നമ്മുടെ കേരളത്തെ കെട്ടിപ്പടുക്കുന്ന, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സംഘട്ടനങ്ങള്‍ ഒട്ടും ആശാവഹമല്ല. നമുക്ക് പറ്റാവുന്നത്ര അടുത്തുനില്‍ക്കാം. വിദ്വേഷ വര്‍ത്തമാനക്കാരോട് അകലം പാലിക്കാം.

Show Full Article
TAGS:Sadik Ali Shihab Thangal Kerala Harmony socialmedia 
News Summary - Sadik Ali Shihab Thangal Calls for Unity, Urges People to Stay Away from Hate Speech
Next Story